Site icon Janayugom Online

പണം തിരിച്ചുനൽകാതെ നിക്ഷേപകരെ വഞ്ചിച്ചു; തട്ടിയത് 20 കോടിയോളം, ധനകോടി ചിറ്റ്സിനെതിരെ പരാതി

വയനാട് സുൽത്താൻ ബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകോടി ചിറ്റ്സ് കമ്പനി പണം തിരിച്ചുനൽകാതെ നിക്ഷേപകരെ വഞ്ചിച്ചതായി പരാതി. വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലായി ചിട്ടിയിൽ ചേർന്നവർക്ക് 20 കോടിയോളം രൂപയാണ് കന്പനി തിരികെ കൊടുക്കാനുള്ളത്. മാസങ്ങളായി ശമ്പളം പോലും നൽകാതെ ധനകോടി ചിറ്റ്സ് ഉടമകൾ വഞ്ചിച്ചെന്ന ആരോപണവുമായി ജീവനക്കാരും രംഗത്തെത്തി.

ധനകോടി ചിറ്റ്സിൽ പണം നിക്ഷേപിച്ച നൂറുകണക്കിന് പേർക്കാണ് കാലവധി പൂർത്തിയായിട്ടും പണം തിരികെ ലഭിക്കാതായത്. നിലവിൽ ധനകോടി ചിറ്റ്സിന്‍റെ 22 ബ്രാഞ്ചുകളും അടച്ചിട്ടിരിക്കുകയാണ്. ആറംഗ ഡയറക്ടർ ബോർഡിലെ ആരുമായും ഇപ്പോൾ ബന്ധപ്പെടാനാകുന്നില്ലെന്ന് നിക്ഷേപകർ പറയുന്നു. പണം കിട്ടാനുള്ളവർക്ക് ലഭിച്ച ചെക്കുകൾ ബാങ്കിൽ പണമില്ലാത്തതിനെ തുടർന്ന് മടങ്ങി. ഇതോടെ നിക്ഷേപകർ ജില്ലാ കളക്ടർക്കും മുഖ്യമന്ത്രിയ്ക്കും വിവിധ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകി. എന്നാൽ എഫ്ഐആർ ഇട്ടതല്ലാതെ മറ്റ് നടപടികളൊന്നും പൊലീസ് ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് പരാതിക്കാർ പറയുന്നു.

വിവിധ ബ്രാഞ്ചുകളില്‍ ഇടപാടുകാർ കളക്ഷൻ ഏജന്റുമാരെയും മറ്റ് ജീവനക്കാരെയും പിടിച്ചുവയ്ക്കുകയാണ്. നിക്ഷേപകർക്ക് പണം തിരികെ നൽകാതെ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഒളിച്ചോടുകയാണെന്ന് ജീവനക്കാർ പറയുന്നു. രണ്ട് വർഷം മുൻപ് ധനകോടി ചിറ്റ്സിലെ ബ്രാഞ്ചുകളിൽ ജിഎസ്ടി വിഭാഗം റെയ്ഡ് നടത്തിയിരുന്നു.

Eng­lish sum­ma­ry: Dhanako­di’ cheats fraud case; 20 crores was stolen
you may also like this video:

Exit mobile version