Site icon Janayugom Online

ധര്‍മ്മ സന്‍സദിന് അനുമതിയില്ല

ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ നടത്താനിരുന്ന ധര്‍മ്മ സന്‍സദിന് അനുമതി നിഷേധിച്ചു. സുപ്രീം കോടതിയുടെ താക്കീതിനെത്തുടര്‍ന്നാണ് ഹരിദ്വാര്‍ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍. റൂര്‍ക്കിക്ക് സമീപത്തുള്ള ദാദാ ജലാല്‍പുര്‍ ഗ്രാമത്തിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍, അഞ്ചിലധികം പേര്‍ കൂട്ടം ചേരുന്നതും നിരോധിച്ചിട്ടുണ്ട്. 33 പേര്‍ക്കെതിരെ കേസെടുത്തതായും മുഖ്യ സംഘാടകരിലൊരാളായ സ്വാമി ദിനേശാനന്ദ ഉള്‍പ്പെടെ നിരവധി പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

ധര്‍മ്മ സന്‍സദില്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സുപ്രീം കോടതി ഉത്തരാഖണ്ഡ് സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് അധികൃതരുടെ നടപടി. വിദ്വേഷ പ്രസംഗങ്ങൾ തടഞ്ഞില്ലെങ്കിൽ ചീഫ് സെക്രട്ടറിയായിരിക്കും ഉത്തരവാദിയെന്നും ചീഫ് സെക്രട്ടറിയെ കോടതിയിലേക്ക് വിളിപ്പിക്കുമെന്നും ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനും അഭയ് ശ്രീനിവാസ് ഓക, സി ടി രവികുമാർ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ആരെങ്കിലും നിരോധനാജ്ഞ ലംഘിക്കുകയോ പരിപാടി സംഘടിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ നിയമവിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കുമെന്നും ഹരിദ്വാര്‍ പൊലീസ് സീനിയര്‍ സൂപ്രണ്ട് യോഗേന്ദ്ര സിങ് റാവത്ത് പറഞ്ഞു. 100 ഇന്‍സ്പെക്ടര്‍മാരും സബ് ഇന്‍സ്പെക്ടര്‍മാരുമുള്‍പ്പെടെ മുന്നൂറോളം പൊലീസുകാരെയും പിഎസിയുടെ അഞ്ച് കമ്പനിയെയും പ്രദേശത്ത് സുരക്ഷാ ചുമതലയില്‍ നിയോഗിച്ചിട്ടുണ്ടെന്ന് റാവത്ത് അറിയിച്ചു. 

സുപ്രീം കോടതി താക്കീത് നല്‍കിയതിനുശേഷവും, ധര്‍മ്മ സന്‍സദ് നടത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചത്. യതീന്ദ്രാനന്ദ ഗിരി, പ്രബോധാനന്ദ സരസ്വതി തുടങ്ങിയവരുള്‍പ്പെടെയുള്ള കോര്‍ കമ്മിറ്റി അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും സംഘാടകരിലൊരാളായ ഹിന്ദുത്വ നേതാവ് ആനന്ദ് സ്വരൂപ് പറഞ്ഞു. 

വിവിധ സംസ്ഥാനങ്ങളിൽ നടന്ന ധർമ്മ സൻസദുകളിലെ വിദ്വേഷ പ്രസംഗങ്ങളിൽ നടപടി ആവശ്യപ്പെടുന്ന ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ ഡിസംബറിൽ ഹരിദ്വാറിൽ നടന്ന ത്രിദിന ധർമ്മ സൻസദിൽ ഹിന്ദുത്വ നേതാക്കൾ മുസ്‍ലിം വംശഹത്യക്ക് ആഹ്വാനം ചെയ്തത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അന്താരാഷ്ട്രതലത്തിൽ വിമർശനങ്ങൾക്കിടയായ സംഭവത്തിനു പിന്നാലെ ഉത്തർപ്രദേശിലും ഹിമാചൽപ്രദേശിലും മധ്യപ്രദേശിലും ധർമ്മ സൻസദുകളില്‍ വിദ്വേഷ പ്രസംഗങ്ങൾ തുടർന്നിരുന്നു. 

Eng­lish Sum­ma­ry: Dhar­ma Sansad is not allowed
You may also like this video

Exit mobile version