ധർമസ്ഥലയിൽ സ്ത്രീകളെ കൊന്നു കുഴിച്ചുമൂടി എന്ന ആരോപണം അന്വേഷിക്കുന്ന കർണാടക പൊലീസിന്റെ പ്രത്യേക സംഘം യൂട്യൂബർ മനാഫിനെ ചോദ്യം ചെയ്തു. ബൽത്തങ്ങാടിയിലെ എസ്ഐടി ഓഫീസിലാണ് ചോദ്യം ചെയ്യൽ. കേസിൽ ഗൂഢാലോചന നടത്തിയെന്ന് പൊലീസ് ആരോപിക്കുന്ന ആക്ഷൻ കമ്മിറ്റി കൺവീനർ ജയന്തുമായി ചേർന്ന് തെറ്റിദ്ധാരണ പരത്തുന്ന വീഡിയോകൾ ചെയ്തു എന്നാണ് മനാഫിനെതിരായ ആരോപണം. കർണാടകയിലേക്ക് പോകുമ്പോൾ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് മനാഫ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും അത് പരിഗണിച്ചില്ല.
ധർമ്മസ്ഥല കേസ് സത്യസന്ധമായതാണെന്നും പലരേയും അവിടെ ബലാത്സംഗം ഉൾപ്പെടെ ചെയ്ത് കൊലപ്പെടുത്തിയിട്ടുണ്ടെന്നും ആർക്കും നീതി ലഭിച്ചില്ലെന്നുമായിരുന്നു മനാഫ് ആരോപിച്ചിരുന്നത്. കേരള സാരി ഉടുത്ത സ്ത്രീകളെയും അവിടെ കുഴിച്ച് മൂടിയിട്ടുണ്ട്. തലയോട്ടിയുടെ വിശ്വാസ്യത തീരുമാനിക്കേണ്ടത് എസ്ഐടിയാണ്. ശുചീകരണ തൊഴിലാളി മൊഴിമാറ്റിയതാണ് ഇപ്പോൾ പ്രശ്നമായത് എന്നായിരുന്നു മനാഫ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സ്ത്രീകളുടെ ഉൾപ്പെടെ നൂറിലേറെ മൃതദേഹം ധർമ്മസ്ഥലയിൽ കുഴിച്ചിട്ടെന്ന സാക്ഷി ചിന്നയയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ മലയാളിയായ മനാഫ് യൂട്യൂബിൽ അപ് ലോഡ് ചെയ്തിരുന്നു. വ്യാജ വെളിപ്പെടുത്തൽ കേസിൽ സംശയനിഴലിലുള്ള യൂട്യൂബർ ജയന്തിന്റെ സഹായത്തോടെയായിരുന്നു ഇത്. അറസ്റ്റിലായ ചിന്നയ്യയിൽ നിന്നും, മകളെ കാണാനില്ലെന്ന് അവകാശവാദവുമായി എത്തിയ സുജാതാ ഭട്ടിൽ നിന്നും കേസിലെ ഇവരുടെ ഇടപെടലുകളെക്കുറിച്ച് സൂചന ലഭിച്ചതോടെയാണ് എസ്ഐടി യൂട്യൂബർമാരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്.

