Site iconSite icon Janayugom Online

ധര്‍മ്മസ്ഥല: ഏഴ് തലയോട്ടികള്‍ കണ്ടെത്തി

ധർമ്മസ്ഥല ബങ്കലെഗുഡേ വനത്തിൽ നിന്ന് വീണ്ടും തലയോട്ടികളും അസ്ഥികൂടങ്ങളും കിട്ടിയതായി റിപ്പോർട്ട്. ഇന്നലെ രണ്ട് തലയോട്ടികള്‍ കൂടി കണ്ടെടുത്തു. സമീപത്തുനിന്ന് ഏഴു വർഷങ്ങൾക്കു മുമ്പ് കാണാതായ ഒരാളുടെ തിരിച്ചറിയൽ കാർഡും കിട്ടി. ഇതോടെ രണ്ടുദിവസത്തെ തെരച്ചിലിൽ കിട്ടിയ തലയോട്ടികളുടെ എണ്ണം ഏഴായി. ബങ്കലെഗുഡേ വനമേഖലയിൽ നിന്ന് ഇന്നലെയും അസ്ഥി കഷ്ണങ്ങൾ ലഭിച്ചിരുന്നു. കർണാടക ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു പരിശോധന. ഈ പരിശോധനയിൽ അഞ്ചിടത്ത് നിന്ന് അസ്ഥി കഷ്ണങ്ങൾ ലഭിച്ചതായാണ് സൂചന. ബങ്കലെഗുഡേയിൽ സാക്ഷി ചിന്നയ്യ മൃതദേഹം കുഴിച്ചിട്ടത് കണ്ടു എന്ന് വ്യക്തമാക്കി രണ്ട് പ്രദേശവാസികൾ രംഗത്തുവന്നിരുന്നു. 

2012ല്‍ ധര്‍മ്മസ്ഥലയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിനി സൗജന്യയുടെ മാതൃസഹോദരനായ വിട്ടാല്‍ ഗൗഡയാണ് ഇവരിലൊരാള്‍. ഇവർ നൽകിയ ഹർജിയില്‍ പ്രദേശത്ത് വീണ്ടും പരിശോധന നടത്താൻ എസ്ഐടിക്ക് ഹൈക്കോടതി നിര്‍ദേശം നൽകുകയായിരുന്നു. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന് ധർമ്മസ്ഥലയിലെ മുൻ ശുചീകരണത്തൊഴിലാളി ചിന്നയ്യയുടെ വെളിപ്പെടുത്തലാണ് കേസിനാധാരം.
50 ഉദ്യോഗസ്ഥരടങ്ങിയ സംഘം 13 ഏക്കറോളം സ്ഥലത്ത് ഇന്നലെ പരിശോധന നടത്തി. ലഭിച്ച അസ്ഥികള്‍ കൂടുതൽ പരിശോധനയ്ക്കായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് (എഫ്എസ്എൽ) അയയ്ക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഥലത്ത് തിരച്ചിൽ തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

Exit mobile version