Site iconSite icon Janayugom Online

ധർമ്മസ്ഥല: എസ്ഐടി കുറ്റപത്രം സമർപ്പിച്ചു

ധർമ്മസ്ഥല കേസിൽ പ്രത‍്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ബെല്‍ത്തങ്ങാടി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാതിക്കാരനുള്‍പ്പെടെ ആറ് പേരാണ് പ്രതികള്‍
പരാതിക്കാരനായ ചിന്നയ്യ, മഹേഷ് ഷെട്ടി, ഗിരീഷ് മത്തണ്ണാവർ, ടി. ജയന്ത്, വിത്താല ഗൗഡ, സുജാത എന്നിവരുൾപ്പടെയുള്ളവരാണ് പ്രതികൾ. 3,900 പേജുകളടങ്ങുന്ന കുറ്റപത്രമാണ് എസ്ഐടി സമർപ്പിച്ചിരിക്കുന്നത്. വ‍്യാജ രേഖ ചമയ്ക്കൽ, വ‍്യാജ തെളിവുകൾ നൽകൽ, എന്നിവയടക്കമുള്ള കുറ്റകൃത‍്യങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
രണ്ട് പതിറ്റാണ്ടിനിടെ ധര്‍മ്മസ്ഥലയില്‍ ലൈംഗികാതിക്രമത്തിന് പിന്നാലെ കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങള്‍ ഉള്‍പ്പെടെ നിരവധി മൃതദേഹങ്ങള്‍ താന്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന അവകാശവാദവുമായി മുന്‍ ശുചീകരണത്തൊഴിലാളി ചിന്നയ്യ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന്, സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം, നേത്രാവതി നദിക്കരയിലെ വനപ്രദേശങ്ങളിലെ ചിന്നയ്യ തിരിച്ചറിഞ്ഞ സ്ഥലങ്ങളില്‍ ഒന്നിലധികം ഖനനങ്ങള്‍ നടത്തി. രണ്ട് സ്ഥലങ്ങളില്‍ നിന്ന് അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു.
അടുത്തിടെ, നേത്രാവതി സ്‌നാനഘട്ടത്തിനടുത്തുള്ള ബംഗ്ലഗുഡ്ഡെ വനമേഖലയില്‍ നടത്തിയ തിരച്ചിലില്‍ സംഘം കൂടുതല്‍ അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇവയെല്ലാം ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. കഴിഞ്ഞ നാല് മാസത്തിനിടെ, സംഭവങ്ങളുടെ ക്രമം നിര്‍ണയിക്കുന്നതിനും ഉള്‍പ്പെട്ട ഓരോ വ്യക്തിയുടെയും പങ്ക് വ്യക്തമാക്കുന്നതിനുമായി എസ്‌ഐടി സാക്ഷിമൊഴികളും ഡിജിറ്റല്‍, സാഹചര്യത്തെളിവുകളും പരിശോധിക്കുകയും പലതവണകളായി ചോദ്യം ചെയ്യലുകള്‍ നടത്തുകയും ചെയ്തു. സാങ്കേതികവും ശാസ്ത്രീയവുമായ റിപ്പോര്‍ട്ടുകള്‍ക്കായി അന്വേഷണ സംഘം വിവിധ ഏജന്‍സികളുമായും ബന്ധപ്പെട്ടു. ഇവയെല്ലാം ഉള്‍പ്പെടുത്തിയാണ് 3900 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.

Exit mobile version