Site iconSite icon Janayugom Online

ധ്രുവ് ഹെലികോപ്റ്ററുകളുടെ തകര്‍ച്ചയ്ക്ക് കാരണം നിര്‍മ്മാണത്തിലെ പിഴവ്: സ്ഥിരീകരിച്ച് അധികൃതര്‍

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച എഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ (എഎല്‍എച്ച് )ധ്രുവിന്റെ രൂപകല്പനയിലും ലോഹ സമ്മിശ്രണത്തിലും തകരാര്‍ കണ്ടെത്തി. 

നിരന്തരമുണ്ടായ അപകടങ്ങളെ തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് പ്രശ്നം സ്ഥിരീകരിച്ചത്. സാങ്കേതിക തകരാര്‍ മൂലമുള്ള അപകടങ്ങള്‍ പതിവായതോടെ ഇന്ത്യൻ കരസേനയും വ്യോമ സേനയും പറക്കല്‍ താല്‍കാലികമായി നിര്‍ത്തിവച്ചിരുന്നു.
സുരക്ഷാ പരിശോധന പൂര്‍ത്തീകരിച്ചതായും പ്രശ്നങ്ങള്‍ പരിഹരിച്ചതായും പറക്കല്‍ പുനരാരംഭിക്കാമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യൻ കര, നാവിക, വ്യോമ, തീര സംരക്ഷണ സേനകള്‍ക്കായി 325 എഎല്‍എച്ച് ധ്രുവ് ഹെലികോപ്റ്ററുകളാണ് ഉള്ളത്. അപകടങ്ങളെ തുടര്‍ന്ന് എല്ലാ ഹെലികോപ്റ്ററുകളെയും സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കി.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡാണ് ധ്രുവ് രൂപകല്പന ചെയ്തത്. 

രണ്ട് എൻജിനുകളുള്ള ധ്രുവിന് 5.5 ടണ്‍ ഭാരമാണ് ഉള്ളത്. 2002ല്‍ സായുധ സേനക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലും 2004ല്‍ സാധാരണ ഉപയോഗത്തിനുമുള്ള പരീക്ഷണത്തില്‍ ധ്രുവ് വിജയിച്ചിരുന്നു. 2001-02 വര്‍ഷങ്ങളിലാണ് ഹെലികോപ്റ്റര്‍ നിര്‍മ്മാണം ആരംഭിച്ചത്. 

കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാലുതവണ ധ്രുവ് ഹെലികോപ്റ്റർ അപകടത്തിൽ പെട്ടിരുന്നു. മേയ് മാസത്തില്‍ ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ധ്രുവ് ഹെലികോപ്റ്റർ തകർന്ന് വീണ് ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. വിദേശത്തേക്കടക്കം കയറ്റുമതി ചെയ്യുന്ന ധ്രുവ് ഹെലികോപ്റ്ററുകൾ നിരന്തരം അപകടത്തിൽപെടുന്നത് അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Eng­lish Sum­ma­ry: Dhruv heli­copters crashed due to man­u­fac­tur­ing fault: Offi­cials confirm

You may also like this video

Exit mobile version