Site iconSite icon Janayugom Online

പാന്റ്സ് തയ്ച്ചത് ഇഷ്ടപ്പെട്ടില്ല; തയ്യൽക്കാരനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

പാന്റ്സ് തയ്ച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് തയ്യൽക്കാരനെ കത്രികക്കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കടയിലെത്തി കത്രികകൊണ്ട് തയ്യൽക്കാരനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെയാണ് പിടികൂടിയത്. നാഗർകോവിലിലെ ഹോട്ടൽ ജീവനക്കാരനായ തൂത്തുക്കുടി ശ്രീവൈകുണ്ഠം സെയ്‌തുങ്കനല്ലൂർ സ്വദേശി ചന്ദ്രമണി(37) ആണ് പിടിയിലായത്. നാഗർകോവിൽ ഡതി സ്‌കൂളിന് സമീപം തയ്യൽക്കട നടത്തിവന്ന തിട്ടുവിള സ്വദേശി ശെൽവമാണ്(60) കൊല്ലപ്പെട്ടത്. 

രാത്രി തയ്യൽക്കടയിലെത്തിയ ഒരാളാണ് ശെൽവത്തെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വടശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രമണിയാണ് കൊലപാതകിയെന്ന് കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ ചന്ദ്രമണിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പാന്റ്സ് തയ്ച്ചതുമായി ബന്ധപ്പെട്ട് ശെൽവവും ചന്ദ്രമണിയും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.

Exit mobile version