യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ അർത്തുങ്കൽ പോലീസ് അറസ്റ്റു ചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 16-ാം വാർഡ് ജിക്കു ഭവനത്തിൽ ജിക്കു (ആദിത്ത്-28), മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാറാം വാർഡ് പാവനാട് കോളനിയിൽ ദീപു മോൻ (30), മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15-ാം വാർഡ് നടുവിലെവീട് ജോമോൻ (27) എന്നിവരാണ് പിടിയിലായത്. സെപ്റ്റംബർ എട്ടിന് രാത്രി 9.30 ഓടെ കണിച്ചുകുളങ്ങരകരപ്പുറം ബാറിന് സമീപമാണ് ഇവർ അക്രമം നടത്തിയത്.
ഗുരുതരമായി പരിക്കേറ്റ മാരാരിക്കുളം വടക്ക് പഞ്ചായത്ത് 16-ാം വാർഡ് പറമ്പ്കാട് മറ്റംവീട് രാജേഷ് കുമാർ (39) ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹെൽമറ്റും കല്ലും ഉപയോഗിച്ചുള്ള ആക്രമത്തിൽ രാജേഷ് കുമാറിന്റെ വാരിയെല്ലുകൾക്കും തലയോട്ടിക്കും പരിക്കേറ്റിട്ടുണ്ട്. കരപ്പുറം ബാറിന് സമീപം മൂന്ന് പ്രതികളും ചേർന്ന് രാജേഷിൻ്റെ ബൈക്ക് തടഞ്ഞു നിർത്തുകയും മദ്യപിക്കുന്നതിന് പണം ആവശ്യപ്പെടുകയും ചെയ്തു. പണം നൽകാത്തതിനെ തുടർന്ന് പ്രകോപിതരായ പ്രതികൾ ചേർന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അക്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ അർത്തുങ്കൽ സി ഐ പി ജി മധു, എസ് ഐ സജീവ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സേവ്യർ, കെ ആർ ബൈജു, ചേർത്തല എ എസ്പിയുടെ അന്വേഷണ സംഘത്തിലെ ഗിരീഷ്, അരുൺ, പ്രവിഷ് ‚ജിതിൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.