Site iconSite icon Janayugom Online

ആക്ഷേപഹാസ്യവും അപകീർത്തിയും തമ്മില്‍ ‌വ്യത്യാസം വിലയിരുത്തണം: ഹൈക്കോടതി

രാഷ്ട്രീയത്തിലുള്ള ഒരാൾ തൊലിക്കട്ടിയുള്ള ആളായിരിക്കണമെന്നും ആക്ഷേപഹാസ്യവും അപകീർത്തിപ്പെടുത്തലും തമ്മിൽ വേർതിരിച്ചറിയണമെന്നും ഡൽഹി ഹൈക്കോടതി പറഞ്ഞു. എന്നാല്‍ പരാമർശങ്ങൾ അശ്ലീലമാണെന്ന് കണ്ടെത്തിയാൽ, അവ പിൻവലിക്കേണ്ടിവരുമെന്നും ജഡ്ജി അമിത് ബൻസാൽ പറഞ്ഞു.

ഈ മാസം ആദ്യം ഒരു ടിവി പരിപാടിയിൽ ‘പാന്റ്‌സ്/പൈജാമ ഇല്ലാതെ’ കുർത്ത ധരിച്ചതായി സമൂഹമാധ്യമത്തില്‍ പ്രചരിച്ച ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും മുതിർന്ന അഭിഭാഷകനുമായ ഗൗരവ് ഭാട്ടിയ നൽകിയ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്.

ചിത്രം തന്റെ വീടിന്റെ സ്വകാര്യതയിൽ എടുത്തതാണെന്നും തന്റെ സമ്മതമില്ലാതെ പ്രചരിപ്പിക്കാൻ പാടില്ലായിരുന്നുവെന്നും അഭിഭാഷകൻ വാദിച്ചു. താൻ ഷോർട്ട്സ് ധരിച്ചിരുന്നുവെന്നും കാമറാമാൻ തന്റെ ശരീരഭാഗം അബദ്ധത്തിൽ കാണിച്ചതാണെന്നും ഭാട്ടിയ കോടതിയെ അറിയിച്ചു. അത്തരം ചിത്രങ്ങള്‍ തന്റെ സമ്മതമില്ലാതെ പ്രചരിപ്പിക്കാൻ പാടില്ല, ഈ വിഷയവുമായി ബന്ധപ്പെട്ട് എഐ സൃഷ്ടിച്ച ഉള്ളടക്കവും മോർഫ് ചെയ്ത ചിത്രങ്ങളും ഉണ്ടെന്ന് ഭാട്ടിയ ആരോപിച്ചു.

ഇതിന് മറുപടിയായാണ് രാഷ്ട്രീയത്തിലായിരിക്കുമ്പോൾ, നിങ്ങൾ തൊലിക്കട്ടിയുള്ളവരായിരിക്കണമെന്ന് ജഡ്ജി പറഞ്ഞത്. “നിങ്ങൾക്ക് അഭിമുഖം നടത്താം, അവര്‍ നിങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയിട്ടില്ല. നിങ്ങൾ രാഷ്ട്രീയത്തിലായിരിക്കുമ്പോൾനിങ്ങൾ തൊലികട്ടിയുള്ളയുള്ളവരായിരിക്കണം. എന്താണ് ആക്ഷേപഹാസ്യവും എന്താണ് അപകീർത്തികരവും എന്ന് നമ്മൾ തീരുമാനിക്കേണ്ടിവരും” — കോടതി പറഞ്ഞു. ഭാട്ടിയ അപകീർത്തികരമെന്ന് പരാമർശിച്ച പല അഭിപ്രായങ്ങളും ആക്ഷേപഹാസ്യപരമായ അഭിപ്രായങ്ങൾ ആണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.

Exit mobile version