Site iconSite icon Janayugom Online

ഗുരുതരകുറ്റകൃത്യങ്ങളില്‍പ്പെട്ടെന്ന് ഭീഷണിപ്പെടുത്തും; തട്ടിപ്പിന്റെ മറ്റൊരു രീതി: നഷ്ടമായത് 120 കോടി

arrestarrest

സൈബർ തട്ടിപ്പിന്റെ ഏറ്റവും പുതിയ രീതികളിലൊന്നായ ഡിജിറ്റൽ അറസ്റ്റിലൂടെ ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 120.30 കോടി രുപ. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ നാല് മാസത്തിനിടയിലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് ഡിജിറ്റല്‍ അറസ്റ്റ് എന്ന നിയമ സംവിധാനം ഇല്ലെന്നിരിക്കെയാണ് ഇരകളെ വിശ്വസിപ്പിച്ച് വന്‍തുക തട്ടിയെടുക്കുന്നത്. 

വീഡിയോ കോളിലൂടെ ആളുകളെ മുൾമുനയിൽ നിർത്തിയാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്. എന്തെങ്കിലും ഗുരുതര കുറ്റകൃത്യങ്ങളിൽ അകപ്പെട്ടെന്ന് ഭീഷണിപ്പെടുത്തിയാണ് ഇരകളെ വരുതിയിലാക്കുന്നത്. വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഇത്തരം തട്ടിപ്പ് സംഘങ്ങളിൽ നിന്ന് ഇരകളെ വിളിക്കുന്നതും ഇന്ത്യൻ പൗരന്മാരാകുമെന്ന് ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

കോടതി മുറിയും ജഡ്ജിയും പ്രത്യേക പൊലീസ് സ്റ്റേഷനുമെല്ലാം തട്ടിപ്പിനായി ഇവര്‍ സജ്ജമാക്കും. മയക്കുമരുന്ന് കടത്ത്, നിയമ വിരുദ്ധ ഇടപാട് തുടങ്ങിയവയില്‍ പങ്കുണ്ടെന്നും നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുക. ഇവരെ മോചിപ്പിക്കാനും കേസില്‍ നിന്ന് ഒഴിവാക്കുന്നതിനും വേണ്ടിയാണ് നിശ്ചിത തുക സൈബര്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്. ഇത് വിശ്വസിച്ച് പലരും പണം നല്‍കാന്‍ തയ്യാറാകുന്നു. 

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ മ്യാൻമർ, ലാവോസ്, കംബോഡിയ എന്നിവിടങ്ങളിലാണ് തട്ടിപ്പിന്റെ സൂത്രധാരൻമാർ ഒളിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നവരിൽ 46 ശതമാനവും ഇന്ത്യയിലാണ്. വിവിധ സൈബര്‍ തട്ടിപ്പുകളിലായി ഇരകള്‍ക്ക് 1,776 കോടിയോളം രൂപ നഷ്ടമായതായും രേഖയില്‍ പറയുന്നു. 

നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലെ കണക്ക് പ്രകാരം 7.4 ലക്ഷം പരാതികളാണ് ആദ്യ നാല് മാസത്തിനിടെ ലഭിച്ചത്. ഈ വര്‍ഷം ആദ്യ ആറുമാസത്തിനിടെ വിവിധ സാമ്പത്തിക തട്ടിപ്പ് വഴി 11,269 കോടി രൂപയാണ് നഷ്ടമായതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ല്‍ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് 15.5 ലക്ഷം പരാതികള്‍ ലഭിച്ചിരുന്നു. 2022 ല്‍ 9.6 ലക്ഷം. 2021 ല്‍ 4.5 ലക്ഷം എന്നീ ക്രമത്തിലായിരുന്നു പരാതി. ഡിജിറ്റല്‍ അറസ്റ്റ്, ഓണ്‍ലൈന്‍ ട്രേഡിങ്ങ്, നിക്ഷേപ‑ഡേറ്റിങ് ആപ്പ് തട്ടിപ്പ് എന്നിവ വ്യാപകമായി വര്‍ധിക്കുന്നുണ്ട്. ഷെയര്‍ ട്രേഡിങ് വഴി 1,420.4 കോടിയാണ് സൈബര്‍ തട്ടിപ്പുകാര്‍ കവര്‍ന്നത്. നിക്ഷേപവുമായി ബന്ധപ്പെട്ട് 225.5 കോടി, ഡേറ്റിങ് ആപ്പ് വഴി 13.2 കോടി രൂപയും തട്ടിയെടുത്തതായി സൈബര്‍ ക്രൈം കോ- ഓര്‍ഡിനേഷന്‍ സെന്റര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ രാജേഷ് കുമാര്‍ പറ‍ഞ്ഞു.

Exit mobile version