Site iconSite icon Janayugom Online

ഡിജിറ്റൽ അറസ്റ്റ്; 70കാരിക്ക് നഷ്ടപ്പെട്ടത് 3 കോടി രൂപ

സി ബി ഐ ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സൈബർ തട്ടിപ്പുകാർ 70 വയസ്സുകാരിയില്‍ നിന്ന് 3.09 കോടി രൂപ തട്ടിയെടുത്തു. മാസങ്ങൾ നീണ്ടുനിന്ന ഭീഷണികൾക്കൊടുവിൽ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട വയോധിക നൽകിയ പരാതിയിൽ ഡെറാഡൂൺ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് തട്ടിപ്പിന്റെ തുടക്കം.

സി ബി ഐ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി വീഡിയോ കോളിലൂടെയാണ് പ്രതികൾ വയോധികയെ ബന്ധപ്പെട്ടത്. 68 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അവരുടെ ഫോൺ നമ്പർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു ഭീഷണി. ഈ വിവരം പുറത്തുപറഞ്ഞാൽ മക്കൾക്കെതിരെയും നിയമനടപടി ഉണ്ടാകുമെന്ന് പറഞ്ഞ് അവരെ ഭയപ്പെടുത്തി. അറസ്റ്റ് ഒഴിവാക്കാനായി അന്വേഷണം കഴിയുന്നതുവരെ പണം തങ്ങൾ നൽകുന്ന അക്കൗണ്ടുകളിലേക്ക് മാറ്റണമെന്നും പരിശോധനയ്ക്ക് ശേഷം പണം തിരികെ നൽകാമെന്നും പ്രതികൾ വിശ്വസിപ്പിച്ചു.

ഭയന്നുപോയ വയോധിക 2025 സെപ്റ്റംബറിനും ഒക്ടോബറിനുമിടയിൽ പലതവണകളായി 3.09 കോടി രൂപ പ്രതികൾ നൽകിയ അക്കൗണ്ടുകളിലേക്ക് കൈമാറി. ഈ തുക കണ്ടെത്താനായി ഫിക്സഡ് ഡിപ്പോസിറ്റുകൾ പിൻവലിക്കുകയും ഓഹരികൾ വിൽക്കുകയും ആഭരണങ്ങൾ പണയം വെക്കുകയും ചെയ്യേണ്ടി വന്നതായി വയോധിക പരാതിയിൽ പറയുന്നു. പണം തിരികെ ലഭിക്കാതായതോടെയാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം അവർ തിരിച്ചറിഞ്ഞത്. തട്ടിപ്പിന് ഉപയോഗിച്ച ഫോൺ നമ്പറുകളെയും ബാങ്ക് അക്കൗണ്ടുകളെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Exit mobile version