രാജ്യത്തെ എല്ലാ ഡിജിറ്റൽ കറൻസികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ ‘വാലറ്റ് ഹോൾഡർ’ പുറത്തിറക്കി. വിവിധ ബാങ്കുകളുടെ ഡിജിറ്റൽ കറൻസികൾ ഇനി ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ഉപയോഗിക്കാൻ ഇതുവഴി സാധിക്കും. ഇതുവരെ വ്യക്തികൾ തമ്മിലും, വ്യക്തികളും വ്യാപാരികളും തമ്മിലും മാത്രമായിരുന്നു ഡിജിറ്റൽ കറൻസി ഉപയോഗിക്കാൻ സാധിച്ചിരുന്നത്. എന്നാൽ പുതിയ സംവിധാനത്തിലൂടെ വിവിധ ആപ്പുകളിലെ കറൻസികൾ ഒരു പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിക്കാൻ കഴിയും.
കൂടാതെ, ഡിജിറ്റൽ കറൻസി ഉപയോഗിക്കുന്ന ആപ്പുകളിൽ അക്കൗണ്ട് ഇല്ലാത്തവർക്കും ഇനി മുതൽ ഫോൺ നമ്പർ ഉപയോഗിച്ച് പണം അയക്കാൻ സാധിക്കും. ഡിജിറ്റൽ രൂപയെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. എൻപിസിഐയുടെ ഭീം എന്ന യുപിഐ പ്ലാറ്റ്‌ഫോമിലേക്കാണ് ഡിജിറ്റൽ കറൻസിയെ ആർബിഐ ബന്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ പഞ്ചാബ് നാഷണൽ ബാങ്കിലായിരിക്കും ആദ്യം നടപ്പിലാക്കുക.

