മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുകേസിൽ രണ്ടാം പ്രതിയാക്കിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് അയച്ചു. ഈ മാസം 23 ന് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ നിർദേശിച്ചുകൊണ്ടാണ് നോട്ടീസ്. ചോദ്യം ചെയ്യലിനായി ഇന്നലെ ഹാജരാകാൻ കഴിയില്ലെന്നും, ഒരാഴ്ചത്തെ സാവകാശം വേണമെന്നും ചൂണ്ടിക്കാട്ടി സുധാകരൻ നേരത്തെ അന്വേഷണ സംഘത്തിന്റെ നോട്ടീസിന് മറുപടി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ക്രൈംബ്രാഞ്ച് പുതിയ നോട്ടീസ് അയച്ചത്.
കേസിൽ പ്രതി ചേർത്തു ക്രൈംബ്രാഞ്ച് എറണാകുളം എസിജെഎം കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് കെ സുധാകരൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അതിനിടെ, വഞ്ചനാക്കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരായ ഐജി ജി ലക്ഷ്മണയ്ക്കും മുൻ ഡിഐജി എസ് സുരേന്ദ്രനും ക്രൈംബ്രാഞ്ച് ഉടന്‍ നോട്ടീസ് അയക്കും.
അനൂപ് പണം നൽകിയ ദിവസം കെ സുധാകരൻ മോൻസന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇതുസംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ട്. പരാതിക്കാരുടെ ഗാഡ്ജറ്റിൽ നിന്നും ചിത്രങ്ങൾ അടക്കമുള്ള തെളിവുകൾ വീണ്ടെടുത്തിട്ടുണ്ട്. അനൂപ് പണം നൽകിയത് 2018 നവംബർ 22 ഉച്ചയ്ക്ക് രണ്ടു മണിക്കാണെന്നും അന്വേഷണ സംഘം കണ്ടെത്തി.
അനൂപും മോൻസണും സുധാകരനും ഒരുമിച്ച് ഇരിക്കുന്നതിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. 25 ലക്ഷം രൂപ അനൂപ് മോൻസന് നൽകി. അതിൽ 10 ലക്ഷം സുധാകരന് കൈമാറിയെന്ന് മോൻസന്റെ ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. നോട്ടുകൾ എണ്ണുന്ന മോൻസന്റെ ജീവനക്കാരുടെ ചിത്രങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.
English Summary: Digital evidence against Sudhakaran; Again notice to appear on 23rd
You may also like this video