Site iconSite icon Janayugom Online

ഡിജിറ്റല്‍ തട്ടിപ്പ്: 10 മാസത്തിനിടെ രാജ്യത്ത് നഷ്ടപ്പെട്ടത് 4,245 കോടി

2024–25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 10 മാസത്തിനിടെ ഡിജിറ്റല്‍ തട്ടിപ്പ് വഴി ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടത് 4,245 കോടി രൂപ. 2022–23 സാമ്പത്തിക വര്‍ഷം നഷ്ടമായതിന്റെ 67 ശതമാനം വര്‍ധനവാണ് ഇക്കാലയളവിലുണ്ടായതെന്ന് രാജ്യസഭയില്‍ ധനമന്ത്രാലയം അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 2.4 ലക്ഷം കേസുകളില്‍ നിന്നാണ് ഭീമമായ തുക തട്ടിപ്പുകാര്‍ കൈവശപ്പെടുത്തിയതെന്ന് ധനകാര്യ സഹമന്ത്രി പങ്ക് ചൗധരി മേശപ്പുറത്തുവച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2023–24ല്‍ 2. 8 ലക്ഷം കേസുകളിലായി 4,403 കോടിയാണ് നഷ്ടപ്പെട്ടത്. സാമ്പത്തിക ക്രമക്കേടും തട്ടിപ്പും റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള വെബ് അധിഷ്ഠിത സംവിധാനമായ സെന്‍ട്രല്‍ പേയ്മെന്റ് ഫ്രോഡ് ഇന്‍ഫര്‍മേഷന്‍ രജിസ്ട്രി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പിലാക്കിയിട്ടും കോടികളുടെ സാമ്പത്തിക തട്ടിപ്പ് നിര്‍ബാധം നടക്കുകയാണ്. 

തട്ടിപ്പ് തടയാനും റിപ്പോര്‍ട്ട് ചെയ്യാനും സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ഫ്രോഡ് റിപ്പോര്‍ട്ടിങ് ആന്റ് മാനേജ്മെന്റ് സിസ്റ്റം അവതരിപ്പിച്ചിട്ടുണ്ട്. ഇതുവരെ 1.3 ലക്ഷം പരാതികളുടെ അടിസ്ഥാനത്തില്‍ ഏകദേശം 4,386 കോടി രൂപ തിരിച്ചെടുക്കാന്‍ സാധിച്ചു. വെബ്, മൊബൈല്‍ ആപ്ലിക്കേഷന്‍ ഭീഷണികളെ ചെറുക്കുന്നതിനായി 2021 ഫെബ്രുവരിയില്‍ ഡിജിറ്റല്‍ പേയ്മെന്റ് സുരക്ഷാ നിയന്ത്രണങ്ങളെക്കുറിച്ച് ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.
ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, കാര്‍ഡ് പേയ്മെന്റുകള്‍ എന്നിവയില്‍ മിനിമം സുരക്ഷാ മാനദണ്ഡം പാലിക്കാന്‍ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. പണമിടപാടുകാരെ തിരിച്ചറിയുന്നതായി ആര്‍ബിഐ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമായ മ്യൂള്‍ഹണ്ടര്‍ എഐ പുറത്തിറക്കി. ബാങ്കുകളോടും ധനകാര്യ സ്ഥാപനങ്ങളോടും സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയെന്നും ധനകാര്യ സഹമന്ത്രി അറിയിച്ചു. 

Exit mobile version