ഡിജിറ്റല്‍ തട്ടിപ്പുകള്‍ തടയുന്നതിനായി സംശയാസ്പദമായ ഇടുപാടുകളുടെ അടിസ്ഥാനത്തില്‍ 70 ലക്ഷം മൊബൈല്‍ നമ്പറുകള്‍ സര്‍ക്കാര്‍ റദ്ദാക്കി. ഡിജിറ്റല്‍ പേയ്‌മെന്റ് തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സാമ്പത്തിക സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനാണ് നടപടിയെന്ന് ധനകാര്യ സെക്രട്ടറി വിവേക് ജോഷി പറഞ്ഞു. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
ഡിജിറ്റല്‍ തട്ടിപ്പുകള്‍ തടയുന്നതിന് ബാങ്കുകള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. ഡിജിറ്റല്‍ ഇടപാടുകളുടെ സുരക്ഷാ സംവിധാനവും പ്രക്രിയകളും ബാങ്കുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. ആധാര്‍ എനേബിള്‍ഡ് പേയ‌്മെന്റ് സിസ്റ്റം (എഇപിഎസ്) തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിശോധിച്ച് ഡാറ്റാ പരിരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യാപാരികളുടെ കെവൈസി മാനദണ്ഡമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നതായും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക കാര്യ വകുപ്പ്, റവന്യു വകുപ്പ്, ടെലികോം വകുപ്പ്, ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം, ടെലികോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യ, നാഷണല്‍ പേയ‌്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ ഇന്ത്യന്‍ സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്റര്‍ (എന്‍സിആര്‍പി) റിപ്പോര്‍ട്ട് ചെയ്ത ഡിജിറ്റല്‍ പേയ‌്മെന്റ് തട്ടിപ്പുകളുടെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകളും യോഗത്തില്‍ അവതരിപ്പിച്ചു.
English Summary:Digital frauds on the rise; 70 lakh mobile numbers cancelled
You may also like this video