Site iconSite icon Janayugom Online

ഡിജിറ്റൽ മാധ്യമങ്ങള്‍ക്കും നിയന്ത്രണം വരുന്നു

social mediasocial media

ഡിജിറ്റൽ വാർത്താ മാധ്യമങ്ങളെക്കൂടി ഉള്‍പ്പെടുത്തി മാധ്യമ രജിസ്ട്രേഷൻ വ്യവസ്ഥ പുതുക്കുന്ന ബിൽ കേന്ദ്രം തയാറാക്കിവരികയാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതിനായി 2019 ലെ പ്രസ് ആന്റ് ആനുകാലിക രജിസ്ട്രേഷൻ ബിൽ, മാറ്റങ്ങളോടെ ഉടൻ മന്ത്രിസഭയ്ക്ക് മുമ്പാകെ സമര്‍പ്പിക്കും. അച്ചടി, ദൃശ്യമാധ്യമങ്ങള്‍ക്കായുള്ള 1867 ലെ പ്രസ് ആന്റ് രജിസ്ട്രേഷൻ ഓഫ് ബുക്സ് ആക്ടിന് പകരമാണ് പുതിയ ബിൽ.
വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലേക്ക് ഡിജിറ്റൽ മാധ്യമങ്ങളെ കൊണ്ടുവരുന്നതിനാണ് ഭേദഗതികൾ. ബിൽ പാസായാൽ ഡിജിറ്റൽ ന്യൂസ് വെബ്സൈറ്റുകൾ പത്രങ്ങൾക്ക് തുല്യമാകുമെന്നും രജിസ്ട്രാർ ഓഫ് ന്യൂസ്‍പേപ്പേഴ്‍സിന് തുല്യമായ പ്രസ് രജിസ്ട്രാർ ജനറലിൽ രജിസ്റ്റർ ചെയ്യേണ്ടി വരുമെന്നും റിപ്പോർട്ട് പറയുന്നു.
ഇപ്പോള്‍ ഡിജിറ്റൽ വാർത്താ പ്ലാറ്റ്ഫോമുകൾക്ക് രജിസ്ട്രേഷനുകള്‍ ബാധകമല്ല. രജിസ്ട്രേഷന്‍ വരുന്നതോടെ പ്രസിദ്ധീകരണങ്ങൾക്കെതിരെ നിയമലംഘനങ്ങൾക്ക് നടപടിയെടുക്കാൻ കഴിയും. വേണ്ടിവന്നാല്‍ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തുകയോ റദ്ദാക്കുകയോ പിഴ ചുമത്തുകയോ ചെയ്യാം. എന്നാല്‍ ബില്ലിന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ അംഗീകാരം നൽകിയിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.
ഡിജിറ്റൽ മാധ്യമങ്ങളിലെ വാർത്തകളെ ഡിജിറ്റൈസ്ഡ് വാർത്തകളായി നിർവചിക്കുന്ന കരട് ബിൽ പുറത്തിറക്കാന്‍ കേന്ദ്ര സർക്കാർ 2019ൽ നടത്തിയ നീക്കം മാധ്യമമാരണമെന്ന നിലയില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. നവമാധ്യമങ്ങളുടെ നിയന്ത്രണത്തിനായി ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ‍് 2021 എന്ന പേരിൽ നിലവിലെ നിയമങ്ങൾ പരിഷ്കരിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കർ പ്രസാദ്, വാർത്ത വിനിമയകാര്യ മന്ത്രി പ്രകാശ് ജാവദേക്കർ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.
ഫേസ്ബുക്ക്, വാട്‍സ്‍ആപ്പ്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം, ട്വിറ്റർ എന്നീ സമൂഹ മാധ്യമ മെസേജിങ് ആപ്പുകൾക്കും യൂട്യൂബ്, ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ തുടങ്ങിയ വീഡിയോ പ്ലാറ്റ് ഫോമുകൾക്കും എല്ലാത്തരം ഓൺലൈൻ ന്യൂസ് ചാനലുകൾക്കും എന്റർടെയ്ൻമെന്റ് പോർട്ടലുകൾക്കും പുതിയ നിയമം ബാധകമായിരിക്കും.
ചെങ്കോട്ട സംഘർഷത്തെ ചൊല്ലി ട്വിറ്ററുമായി ഏറ്റുമുട്ടിയ കേന്ദ്രസർക്കാർ അതിനു പിന്നാലെയാണ് ഡിജറ്റൽ മാധ്യമങ്ങളെ പിടിച്ചു കെട്ടാനുളള നിയമം പ്രഖ്യാപിച്ചിരുന്നത്.

Eng­lish Sum­ma­ry: Dig­i­tal media is also com­ing under control

You may like this video also

Exit mobile version