കശ്മീര്‍ ജനതയുടെ മുഴുവന്‍ വിവരങ്ങളും ഡിജിറ്റലാക്കി കുടുംബ തിരിച്ചറിയല്‍ രേഖ തയാറാക്കാനൊരുങ്ങി കേന്ദ്രം. ക്ഷേമ പദ്ധതികളുടെ കാലതാമസം ഒഴിവാക്കി അര്‍ഹരെ കണ്ടെത്തുന്നതിനാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് ഭരണകൂടത്തിന്റെ വാദം. ബിജെപി മാത്രമാണ് പദ്ധതിയെ അനുകൂലിച്ചിരിക്കുന്നത്. വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയിലുള്‍പ്പെടെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ആശങ്ക പ്രകടിപ്പിച്ചു. ജമ്മുകശ്മീരിലെ റിയാസി ജില്ലയിലെ കത്രയില്‍ നടന്ന ഇ ഗവേണന്‍സ് ദേശീയ കോണ്‍ഫറന്‍സിലാണ് കശ്മീര്‍ ജനതയെക്കുറിച്ചുള്ള വിവരങ്ങള്‍ ഏകീകരിച്ച് ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കാനുള്ള പദ്ധതി അവതരിപ്പിച്ചത്.
ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡിജിറ്റല്‍ ജമ്മുകശ്മീര്‍ നയരേഖ എന്ന പദ്ധതിയുടെ നടത്തിപ്പ് വിവരങ്ങള്‍ അവതരിപ്പിച്ചത്. ഹരിയാനയിലെ പരിവാര്‍ പ്രഹ്ചാന്‍ പത്രയ്ക്ക് സമാനമായ രീതിയിലാണ് വിവരശേഖരണം നടത്തുക. ജമ്മുകശ്മീര്‍ കുടുംബ തിരിച്ചറിയല്‍ കാര്‍ഡ് എന്ന പേരിലാണ് ഓരോ കുടുംബങ്ങള്‍ക്കും കാര്‍ഡ് വിതരണം ചെയ്യുക. വിവിധ ക്ഷേമ പദ്ധതികളിലേക്ക് അര്‍ഹരായ കുടുംബങ്ങളെ ഓട്ടോമാറ്റിക് സംവിധാനങ്ങളിലൂടെ കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും നയരേഖയില്‍ പറയുന്നു. ഓരോ കുടുംബത്തിന്റെയും അടിസ്ഥാന വിവരങ്ങള്‍ കുടുംബാംഗങ്ങളുടെ അനുമതിയോടെ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കും.
വ്യത്യസ്ത ആല്‍ഫ ന്യൂമറിക് കോഡാണ് ഓരോ കുടുംബങ്ങള്‍ക്കും നല്‍കുക. നിലവിലുള്ള എല്ലാ നിയമങ്ങളുടെയും ചട്ടങ്ങളുടെയും സംരക്ഷണം രേഖകള്‍ക്ക് ഉറപ്പാക്കും. അതീവശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിവരങ്ങള്‍ സൂക്ഷിക്കുന്നതിനായി പ്രത്യേക സുരക്ഷ, സൈബര്‍ സുരക്ഷ നിയമങ്ങള്‍ നടപ്പാക്കുമെന്നും പദ്ധതിരേഖയില്‍ പറയുന്നു.
അര്‍ഹമായ ക്ഷേമപദ്ധതികളിലേക്ക് കുടുംബങ്ങള്‍ പ്രത്യേകം പ്രത്യേകം അപേക്ഷ സമര്‍പ്പിക്കാതെ ഓട്ടോമാറ്റിക് സംവിധാനത്തില്‍ തെരഞ്ഞെടുക്കുകയും ക്ഷേമപദ്ധതികള്‍ ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യമിടുന്നതെന്ന് ഐടി വിഭാഗം കമ്മിഷണര്‍ സെക്രട്ടറി പ്രീര്‍ന പുരി പറഞ്ഞു. വിവരങ്ങള്‍ ഒരിക്കല്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ഓരോ ക്ഷേമ പദ്ധതികളിലേക്കും അനുബന്ധരേഖകള്‍ സമര്‍പ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
English Summary : Digital records of families are being prepared in Kashmir
You may also like this video