Site iconSite icon Janayugom Online

ഉന്നത വിദ്യാഭ്യാസരംഗത്തെ ഡിജിറ്റല്‍ വേര്‍തിരിവ് ഇല്ലാതാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റല്‍വല്‍ക്കരണം അനിവാര്യമാണെന്നും ഡിജിറ്റല്‍ വേര്‍തിരിവുകള്‍ പരിഹരിച്ചു കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു.

കോളേജുകളില്‍ ഡിജിറ്റല്‍ പഠനം വ്യാപകമാകുന്നതിന്റെ ഭാഗമായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന ‘ഡിജികോള്‍’ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡിജിറ്റല്‍ വേര്‍തിരിവ് ഇല്ലാതാക്കാന്‍ സംസ്ഥാനത്തെ കോളേജുകള്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും കോവിഡ് സാഹചര്യത്തില്‍ വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ട് കോളേജ് അധ്യാപകര്‍ സര്‍ഗപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചുവെന്നും മന്ത്രി പറഞ്ഞു.

‘ഡിജികോള്‍’ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ 35 കോളേജുകള്‍ക്ക് ഡിജിറ്റല്‍ പഠനത്തിനായി സൗജന്യ ക്ലൗഡ് സ്പേസ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കി. അധ്യാപകര്‍ക്ക് വേണ്ട പരിശീലനവും പദ്ധതിയുടെ ഭാഗമായി നടത്തി. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രാഫ. രാജന്‍ ഗുരുക്കള്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സില്‍ അംഗം ഡോ രാജന്‍ വര്‍ഗീസ്, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ്, റിസര്‍ച്ച് ഓഫീസര്‍ ഡോ മനുലാല്‍ എന്നിവര്‍ പങ്കെടുത്തു.
eng­lish summary;Digital seg­re­ga­tion in high­er edu­ca­tion will be elim­i­nat­ed: Min­is­ter R Bindu
you may also like this video;

Exit mobile version