Site iconSite icon Janayugom Online

ഡിജിറ്റൽ സർവേ രണ്ടാം ഭൂവിപ്ലവം

നോഹരവും വിവിധങ്ങളുമായ ഭൂപ്രകൃതികൾക്കും കായൽ പരപ്പുകൾക്കും അതിവിശാലമായ സാംസ്കാരിക പൈതൃകത്തിനും പേരുകേട്ട ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന നമ്മുടെ കൊച്ചു കേരളത്തിൽ ഭൂമിയുടെ ഉടമസ്ഥാവകാശം, സ്വത്തവകാശം തുടങ്ങിയ ജനങ്ങളുടെ സ്വപ്ന സാക്ഷാല്‍ക്കാരവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ കൃത്യതയും സുതാര്യതയും ഉറപ്പാക്കുന്നതിൽ സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന വകുപ്പുകളിലൊന്നായ സർവേയും ഭൂരേഖയും വകുപ്പിന് നിർണായകമായ പങ്കാണുള്ളത്.

ഭൂപരിപാലന പ്രക്രിയ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. പൊതുവരുമാനത്തിന്റെ ഗണ്യമായ ഭാഗമാണ് ഭൂമിയുമായി ബന്ധപ്പെട്ട നികുതികൾ. അടിസ്ഥാന ഭൂനികുതി, ഭൂവിനിയോഗ നികുതി, ഭൂമി പരിവർത്തന നികുതി എന്നിവ കൃത്യമായ ഭൂരേഖകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഈടാക്കാൻ സാധിക്കുകയുള്ളൂ. കൂടാതെ ഭൂമി സംബന്ധിച്ച പരാതികൾ നീതിയുക്തമായി പരിഹരിക്കുന്നതിനും കൃത്യമായ ഭൂരേഖകൾ അനിവാര്യമാണ്. അതുകൊണ്ട് ഭൂരേഖകൾ കൈകാര്യം ചെയ്യുന്നതിന് നൂതന രീതികൾ രൂപകല്പന ചെയ്ത് ഒരു ഡിജിറ്റൽ വിപ്ലവത്തിന്റെ കൊടുമുടിയിലാണ് ഇന്ന് വകുപ്പ് എത്തി നിൽക്കുന്നത്.
കേരള സംസ്ഥാന രൂപീകരണത്തിന് വർഷങ്ങൾക്ക് മുമ്പ് തന്നെ തയ്യാറാക്കപ്പെട്ടിരുന്ന സർവേ റിക്കാഡുകളിൽ, ക്രയ വിക്രയങ്ങൾ മൂലം പിന്നീട് ഭൂമിയിലുണ്ടായ മാറ്റങ്ങൾ ഉൾപ്പെട്ടു വന്നില്ല. ആയതിനാൽ സർവേ റിക്കാഡുകളും ഭൂസ്ഥിതിയും തമ്മിൽ വളരെയേറെ വ്യതിയാനങ്ങൾ ഉണ്ടായി. പല റിക്കാർഡുകളും കാലഹരണപ്പെട്ടു പോയതിനാൽ, റിക്കാർഡുകൾ റവന്യൂ ഭരണത്തിന് പര്യാപ്തമല്ലാത്തതായും മാറി. ഇതിന് പരിഹാരമായി സംസ്ഥാനത്ത് പുതിയൊരു സർവേ ആവശ്യമായിവരികയും, 1966ൽ സംസ്ഥാനത്ത് റീസർവേ ആരംഭിക്കുകയും ചെയ്തു.
സംസ്ഥാനത്തിന്റെ കഡാസ്ട്രൽ സർവേയിൽ വിവിധ സമ്പ്രദായങ്ങളാണ് മുൻകാലങ്ങളിൽ സ്വീകരിച്ചിരുന്നത്. താക്ക് സമ്പ്രദായം, ബെയ്സ് ലൈൻ ആന്റ് ഓഫ് സെറ്റ് സമ്പ്രദായം, പ്ലെയിൻ ടേബിൾ സർവേ, ഡയഗണലും ഓഫ്‌സെറ്റും തുടങ്ങിയ നിരവധി സമ്പ്രദായങ്ങൾ സർവേ പ്രവർത്തനങ്ങളിൽ ഉപയോഗിച്ചിരുന്നു. 1966 മുതൽ 2008 വരെ ചെയിനും ക്രോസ് സ്റ്റാഫും ഉപയോഗിച്ചുള്ള രീതിയാണ് അവലംഭിച്ചത്. 2005 ൽ ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷൻ ഉപയോഗിച്ചുള്ള നാൽവെ ആരംഭിച്ചുവെങ്കിലും കൃത്യമായ സോഫ്റ്റ്‌വേറുകളുടെ അഭാവം കൊണ്ട് ഇത് പൂർണതയിൽ എത്തിക്കുന്നതിന് സാധിച്ചില്ല.

സംസ്ഥാനത്തിന്റെ സർവേ ചുരുങ്ങിയ കാലയളവിൽ പൂർത്തിയാക്കണമെങ്കിൽ നിലവിലെ സർവേ പ്രക്രിയകളിൽ ഒരു മാറ്റം ആവശ്യമാണ്. കൂടാതെ മറ്റ് മേഖലകളിലെ പോലെ ഭൂസംബന്ധമായ സേവനങ്ങൾ കാലഘട്ടത്തിനനുസൃതമായി ഓൺലൈൻ സേവനത്തിന് കീഴിൽ കൊണ്ടു വരേണ്ടതും വളരെ അത്യന്താപേക്ഷിതവുമാണ്.
പ്രസ്തുത സാഹചര്യത്തിൽ മേൽ ലക്ഷ്യങ്ങൾ കൂടാതെ സാമൂഹിക വികസനം, സാമ്പത്തിക വളർച്ച, ബാങ്ക് വായ്പ പ്രാപ്തമാക്കുന്നതിനുള്ള നടപടി സുഗമമാക്കൽ, ഭൂസ്വത്ത് സംബന്ധമായ തർക്കങ്ങൾ ഇല്ലാതാക്കൽ, സമഗ്രമായ ഗ്രാമതല ആസൂത്രണം നടത്തൽ തുടങ്ങിയ നടപടികൾ കൂടി ലക്ഷ്യമിട്ടാണ് “എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്” എന്ന സന്ദേശവുമായി പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഡിജിറ്റൽ സർവേ റിക്കാഡുകൾ തയ്യാറാക്കുന്നതിന് ‘എന്റെ ഭൂമി’ എന്ന ബൃഹത് പദ്ധതിക്ക് 2022 നവംബർ ഒന്നിന് സംസ്ഥാനത്ത് തുടക്കം കുറിച്ചത്. പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും പൂർണ തോതിൽ സർവേ തുടങ്ങാനായത് 2023 ഓഗസ്റ്റോടെയാണ്.
സമീപ വർഷങ്ങളിലെ ശ്രദ്ധേയമായ സംരംഭങ്ങളിലൊന്നാണ് ‘എന്റെ ഭൂമി’ എന്ന ഡിജിറ്റൽ ലാൻഡ് സര്‍വേ പദ്ധതി. നാലു വർഷം കൊണ്ട് മുഴുവൻ വില്ലേജുകളുടെയും ഡിജിറ്റൽ സർവെ റിക്കാഡുകൾ തയ്യാറാക്കുന്നതിന് സർവെയും ഭൂരേഖയും വകുപ്പിലെ ജീവനക്കാരെ കൂടാതെ 1300 ഓളം സർവേയർമാരേയും 2000ത്തോളം ഹെല്പർമാരേയും കരാറടിസ്ഥാനത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിച്ചിട്ടുണ്ട്. ഇതിലൂടെ അഭ്യസ്ത വിദ്യരായ നിരവധി തൊഴിൽ രഹിതർക്ക് വലിയ തോതിൽ തൊഴിൽ നൽകാനും ‘എന്റെ ഭൂമി’ പദ്ധതിയിലൂടെ കഴിഞ്ഞു. ഡിജിറ്റൽ സർവേ പദ്ധതി നടപ്പാക്കുന്നത് സംസ്ഥാനത്തെ ഭൂസംബന്ധിയായ സേവനങ്ങളിൽ നിരവധി നേട്ടങ്ങൾ കൊണ്ടുവരും.
ഭൂസേവനങ്ങളുടെ സംയോജനം: ഇന്റഗ്രേറ്റഡ് ഓൺലൈൻ സംവിധാനത്തിലൂടെ റവന്യൂ, രജിസ്ട്രേഷൻ, സര്‍വേ വകുപ്പുകളുടെ ഭൂമിയുമായി ബന്ധപ്പെട്ട സേവനങ്ങൾ സംയോജിപ്പിക്കാൻ സാധിക്കും. ഇത് ഭൂസേവനങ്ങൾക്കായി പൗരന്മാർക്ക് ഒന്നിലധികം ഓഫിസുകൾ സന്ദർശിക്കുന്നതിന്റെ ആവശ്യകത ഇല്ലാതാക്കുന്നു, കൂടാതെ നടപടിക്രമങ്ങൾ ലളിതമാക്കുന്നു.

പ്രവേശനക്ഷമത: ഓൺലൈൻ പോർട്ടലിലൂടെ ആളുകൾക്ക് കൃത്യമായ ഭൂരേഖകളും സ്കെച്ചുകളും ലഭിക്കും. ഭൂമിയുമായി ബന്ധപ്പെട്ട സേവനങ്ങൾ വിദൂരമായി നടത്താം, ഭൂവുടമകൾക്ക് സമയവും പരിശ്രമവും ലാഭിക്കാം.
നാളതീകരിച്ചതും ഡിജിറ്റൈസ് ചെയ്തതുമായ രേഖകൾ: കാലഹരണപ്പെട്ടതോ തെറ്റായതോ ആയ രേഖകളുടെ പ്രശ്നം ഇല്ലാതാക്കി സർവേ രേഖകൾ ഡിജിറ്റലായി പരിപാലിക്കുന്നതിന് സാധിക്കുന്നു. ഇത് ലാൻഡ് അഡ്മിനിസ്ട്രേഷന്റെയും, മാനേജ്മെന്റിന്റെയും കാര്യക്ഷമതയും കൃത്യതയും ഉറപ്പാക്കുന്നു.
മാപ്പ് അധിഷ്ഠിത പോക്ക് വരവ് സംവിധാനം: ഭൂപടത്തെ അടിസ്ഥാനമാക്കിയുള്ള പോക്ക് വരവ് സംവിധാനം നടപ്പിലാക്കുന്നതിന് ഡിജിറ്റൽ സർവേയിലൂടെ സാധിക്കുന്നു.
സുതാര്യത: സർവേ രേഖകൾ സുതാര്യമായ രീതിയിൽ ലഭ്യമാകുന്നതിനാൽ വഞ്ചിക്കപ്പെടാതെ ഭൂമി വാങ്ങുന്നതിന് വ്യക്തികളെ സഹായിക്കുന്നു. കൂടാതെ ഇത് വിശ്വസനീയവും എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതുമായ വിവരങ്ങളുടെ ഉറവിടം നൽകുന്നു.
കൃത്യമായ സ്ഥാന നിർണയം: സംസ്ഥാനത്തെ എല്ലാ ഭൂസ്വത്തുക്കളുടെയും കൃത്യമായ സ്ഥലം, അതിർത്തി നിർണയിക്കൽ എന്നിവ സുഗമമാകുന്നു. ആസൂത്രണവും വികസന പ്രവർത്തനങ്ങളും ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് സുഗമമായ രീതിയിൽ ഡിജിറ്റൽ സർവേ റിക്കാഡുകൾ പ്രയോജനപ്പെടുത്താൻ സാധിക്കും.
അതിർത്തി തർക്ക പരിഹാരം: സർവേയിലെ പൊരുത്തക്കേടുകൾ സംബന്ധിച്ച പരാതികൾക്ക് ശാശ്വത പരിഹാരം വാഗ്ദാനം ചെയ്ത് അതിർത്തി തർക്കങ്ങൾ ന്യായമായ രീതിയിൽ പരിഹരിക്കാൻ പദ്ധതി സഹായിക്കുന്നു.
നികുതി വരുമാനം: കൃത്യമായ വിസ്തീർണം കണക്കാക്കി എല്ലാ ഭൂമിയുടെയും കൈവശമുള്ള നികുതികൾ വിലയിരുത്തുന്നതിനും ഈടാക്കുന്നതിനും ഡിജിറ്റൽ സർവേ സാധ്യമാക്കുന്നു. ഇത് സർക്കാരിന്റെ നികുതി വരുമാനം വർധിപ്പിക്കുന്നതിന് കാരണമാകുന്നു.
സർക്കാർ ഭൂമി സംരക്ഷണം: സർക്കാർ ഭൂമിയിലെ അനധികൃത കയ്യേറ്റം കണ്ടെത്തുന്നതിനും കയ്യേറ്റത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
വേഗത്തിലുള്ള നാൾക്കാർ ആനുകൂല്യങ്ങൾ: ഡിജിറ്റൽ സര്‍വേ നാംവിധാനത്തിലൂടെ യോഗ്യരായ വ്യക്തികൾക്ക് പട്ടയം (ഭൂമി രേഖകൾ) അനുവദിക്കൽ പോലുള്ള വിവിധ സർക്കാർ ആനുകൂല്യങ്ങൾ വേഗത്തിൽ നൽകാനാകും. ഇത് സർക്കാർ പദ്ധതികളുടെയും സേവനങ്ങളുടെയും വിതരണം കാര്യക്ഷമമാക്കുന്നു.
ഭരണപരമായ അതിരുകൾ: ഡിജിറ്റൽ സർവേയിലൂടെ തയ്യാറാക്കുന്ന കൃത്യമായ ഭൂപടങ്ങൾ ഭരണപരമായ അതിരുകൾ സ്ഥാപിക്കുന്നതിനുള്ള വിശ്വസനീയമായ ഉറവിടമായി വർത്തിക്കുന്നു. ഇത് ഫലപ്രദമായ ഭരണത്തിനും തീരുമാനങ്ങൾ എടുക്കുന്നതിനും സഹായിക്കുന്നു.
മറ്റ് വകുപ്പുകൾക്കുള്ള പിന്തുണ: ദുരന്ത നിവാരണ വകുപ്പ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ ഏജൻസികൾക്ക് ഡിജിറ്റൽ മാപ്പ് ഒരു അടിസ്ഥാന രേഖയായി ഉപയോഗിക്കാൻ സാധിക്കുന്നതും അടിയന്തര ഘട്ടങ്ങളിലെ ആസൂത്രണത്തിന് വളരെ പ്രയോജനകരമാകുന്നതുമാണ്.

ഡിജിറ്റൽ സർവേ പദ്ധതിയുടെ ആരംഭം മുതൽ അവസാനം വരെയുള്ള എല്ലാ നടപടികളും ഏറ്റവും സുതാര്യമാക്കുന്നതിന്റെ ഭാഗമായി പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതു ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് ‘എന്റെ ഭൂമി’ എന്ന ഓൺലൈൻ പോർട്ടൽ (www. enteb­hoo­mi. kerala.gov.in) സര്‍വേയും ഭൂരേഖയും വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. സർവേ സംബന്ധിച്ച എല്ലാ വിവരങ്ങളും ഈ പോർട്ടൽ മുഖേന അറിയാൻ സാധിക്കുന്നതാണ്. പൊതുജനങ്ങൾക്ക് എന്റെ ഭൂമി എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതും, തുടർന്ന് ലഭ്യമാകുന്ന യൂസർ ഐഡിയും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം തങ്ങളുടെ ഭൂവിവരങ്ങൾ പരിശോധിക്കുന്നതിനും, ഉടമസ്ഥാവകാശമുള്ള ഭൂമിയുടെ വിവരങ്ങൾ ഡിജിറ്റൽ സർവേ രേഖകളിൽ ഉൾപ്പെട്ടുവരാതിരിക്കുകയോ അല്ലെങ്കിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നതായോ ശ്രദ്ധയിൽ പെടുന്ന പക്ഷം അവകാശ രേഖകളുടെ പകർപ്പുകൾ സാഹിതം പ്രസ്തുത വിവരം അറിയിക്കുന്നതിനുള്ള സംവിധാനവും ടി പോർട്ടലിൽ നൽകിയിട്ടുണ്ട്.

“ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ “എന്റെ ഭൂമി പദ്ധതി സംസ്ഥാനത്തിന്റെ നൂതനമായ ഭരണ സമീപനത്തിന്റെ തെളിവായി നിലകൊള്ളുന്നു. ഈ പരിവർത്തന സംരംഭം ഭൂഭരണം കാര്യക്ഷമമാക്കുക മാത്രമല്ല, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയുമാണ്. ഭൂപരിപാലനത്തിൽ സാങ്കേതികവിദ്യയ്ക്ക് എങ്ങനെ വിപ്ലവം സൃഷ്ടിക്കാൻ കഴിയുമെന്ന് ഇത് തെളിയിക്കുന്നു.

Exit mobile version