Site iconSite icon Janayugom Online

സര്‍ക്കാര്‍ സ്കൂളുകള്‍ പ്രേതാലയങ്ങള്‍പോലെ: ഡല്‍ഹി സര്‍ക്കാരിന് നോട്ടീസ്

delhidelhi

സര്‍ക്കാര്‍ സ്കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരും കുറവാണെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസ്.
അധ്യാപകര്‍, പ്രധാന അധ്യാപകര്‍ തുടങ്ങി നിലവില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍, ഒഴിവുകളില്‍ നിയമനം നടത്താന്‍ സ്വീകരിച്ച നടപടികള്‍, നിയമനം നടത്താനുള്ള സമയക്രമം, നിലവില്‍ സര്‍ക്കാര്‍ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകള്‍, അവ പരിഹരിക്കാന്‍ സ്വീകരിക്കാനുദേശിക്കുന്ന നടപടികള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ഡല്‍ഹി സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സംഘി, ജസ്റ്റിസ് സച്ചിന്‍ ദത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
നിലവില്‍ ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള 1,027 സ്കൂളുകളില്‍ 45,503 അധ്യപക തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സലീക് ചന്ദ് ജയിനാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്കൂളുകളില്‍ ലൈബ്രറി, സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും അത് പഠന നിലവാരത്തെ ബാധിക്കുന്നെന്നും ഹര്‍ജിയില്‍ പറയുന്നു.
ആറാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്.

 

ചില സ്കുളുകള്‍ പ്രേതാലയത്തിന് തുല്യമെന്ന് വനിതാ കമ്മിഷന്‍

ന്യൂഡല്‍ഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ (എംസിഡി) നടത്തുന്ന ചില സ്കുളുകള്‍ പ്രേതാലയം പോലെയാണെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍. ആവശ്യമായ സുരക്ഷയും വൃത്തിയും സ്കൂളുകള്‍ക്കില്ലെന്ന് അപ്രതീക്ഷിത പരിശോധന നടത്തിയതിന് ശേഷം വനിതാ കമ്മിഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഈമാസം 20, 21 ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ സ്കൂളുകളില്‍ സിറിഞ്ച്, മയക്കുമരുന്ന്, സിഗരറ്റ്, മദ്യകുപ്പികള്‍, ഗുഡ്ക പൊതിഞ്ഞ കവറുകള്‍ എന്നിവ കണ്ടെത്തി.
സ്കൂളിൽ അടുത്തിടെ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് വനിതാ കമ്മിഷൻ അന്വേഷണം ആരംഭിച്ചത്. നാല് സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍, ഉപയോഗിച്ച സിറിഞ്ചുകളും മയക്കുമരുന്നുകളും മദ്യക്കുപ്പികളും പരിസരത്ത് നിന്നും കണ്ടെത്തി. സ്കൂളുകളിലെ ഗേറ്റുകള്‍ തുറന്നുകിടക്കുന്നതായും സുരക്ഷാ ഗാർഡുകളില്ലാത്തതും അപകടകരമാണെന്നും കമ്മിഷൻ കണ്ടെത്തി. മയക്കുമരുന്നിന് അടിമകളായവർ ഭായി മന്ദീപ് നാഗ്പാൽ നിഗം വിദ്യാലയത്തിലേക്ക് അതിക്രമിച്ച് കയറുകയും അധികാരികളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ അടിയന്തരമായി എഫ്‌ഐആർ ഫയൽ ചെയ്യാൻ കമ്മിഷൻ ശുപാർശ ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry: Dilap­i­dat­ed Gov­ern­ment Schools: Notice to Del­hi Government

You may like this video also

Exit mobile version