Site iconSite icon Janayugom Online

ദിലീപിന്റെ വീട്ടിലെ റെയ്ഡ് പൂര്‍ത്തിയായി

നടിയെ  ആക്രമിച്ചക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക ക്രൈംബ്രാഞ്ച് സംഘം നടന്‍ ദിലീപിന്റെ വീട്ടില്‍  നടത്തിയ റെയ്ഡ് പൂര്‍ത്തിയായി. ിലീപിന്റെ വീട്ടിൽ നിന്ന് ഹാർഡ് ഡിസ്ക്കുകളും മൊബൈൽ ഫോണുകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്കിനെ സംബന്ധിച്ച് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കേസിൽ പുനരന്വേഷണത്തിനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്തുവാൻ ദിലീപ് പദ്ധതിയിട്ടതായും തോക്ക് കൈവശം വച്ചിരുന്നതായും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു റെയ്ഡ്. രാവിലെ 11.30ന് ആരംഭിച്ച റെയ്ഡ് വൈകിട്ട് 6.30വരെ തുടർന്നു. ഇതോടൊപ്പം നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് കണ്ടുവെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഈ ദൃശ്യങ്ങൾ കണ്ടെത്തുന്നതിന് സൈബർ വിദഗ്ധരും പരിശോധന സംഘത്തിലുണ്ടായിരുന്നു. ദിലീപിന്റെയും സഹോദരന്റെയും വീട്ടിൽ എസ്‌പി മോഹനചന്ദ്രന്റെയും ഗ്രാന്റ് പ്രൊഡക്ഷൻസിൽ ഡിവൈഎസ്‌പി ബൈജു പൗലോസിന്റെയും നേതൃത്വത്തിലായിരുന്നു റെയ്ഡ്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനാ കേസിൽ രണ്ടാം പ്രതിയെന്ന നിലയിലാണ് അനൂപിന്റെ വീട്ടിൽ പരിശോധന നടത്തുന്നത് എന്ന് എസ് പി മോഹനചന്ദ്രൻ വ്യക്തമാക്കി. രാവിലെ 11.30യോടെയാണ് ദിലീപിന്റെ വീട്ടിലേക്ക് അന്വേഷണഉദ്യോഗസ്ഥരെത്തിയത്. കുറേ നേരം കാത്ത് നിന്നിട്ടും ‘പത്മസരോവര’ത്തിന്റെ ഗേറ്റ് തുറക്കാന്‍ തയ്യാറാകാതിരുന്നതോടെ ഉദ്യോഗസ്ഥർ ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറുകയായിരുന്നു. പിന്നീട് ദിലീപിന്റെ സഹോദരി ഗേറ്റ് തുറന്നുകൊടുത്തു. റെയ്ഡ് തുടങ്ങി അരമണിക്കൂറിനകമാണ് ദിലീപ് എത്തിയത്. റെയ്ഡ് തുടങ്ങിയ ഉടൻ സഹോദരൻ അനൂപും സ്ഥലത്ത് എത്തി. നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ഫോണിലെ മെമ്മറി കാർഡോ ദൃശ്യങ്ങളുടെ പകർപ്പോ ഇതുവരെ അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. ദിലീപിന്റെ നിർമ്മാണക്കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷൻസിൽ ദൃശ്യങ്ങൾ എപ്പോഴെങ്കിലും എത്തിയോ എന്നാണ് സൈബർ വിദഗ്ധരുടെ സംഘം പരിശോധിച്ചത്.

അന്വേഷണസംഘത്തെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായാണ് വ്യാപകപരിശോധന. ഒരു കാരണവശാലും ദിലീപിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണസംഘം കോടതിയിൽ വാദിക്കും. ഇതിനായുള്ള തെളിവുകൾ ശേഖരിക്കുക കൂടിയായിരുന്നു ലക്ഷ്യം. ഒന്നാം പ്രതി ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ് എന്നിവരാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.

Eng­lish Sum­ma­ry : Dileep Actress Assault ‑raid

you may also like this video

Exit mobile version