Site iconSite icon Janayugom Online

ദിലീപ്‍ നോട്ടീസ് കൈപ്പറ്റിയില്ല; അഭിഭാഷകൻ മുഖേന നൽകാൻ ഉത്തരവ്

നടിയെ ആക്രമിച്ച കേസിലെ നോട്ടീസ് ദിലീപ് കൈപ്പറ്റാതെ തിരിച്ചയച്ചതോടെ അഭിഭാഷകൻ മുഖേന നൽകാൻ കോടതി നിർദ്ദേശം. കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ നോട്ടീസ് അയച്ചെങ്കിലും കൈപ്പറ്റാതെ തിരിച്ച് അയയ്ക്കുകയായിരുന്നു. ഇതോടെയാണ് അഭിഭാഷകൻ മുഖേന നൽകാൻ നിർദ്ദേശിച്ചത്.

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം വിചാരണക്കോടതി തള്ളിയതോടെ പ്രോസിക്യൂഷൻ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. ക്വട്ടേഷൻപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ തുടർവിചാരണ വ്യാഴാഴ്ച ആരംഭിക്കാനിരിക്കെയാണ് ദിലീപിന് നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്. ഒന്നാം പ്രതി എൻ എസ് സുനിൽകുമാറിന്റെ സഹതടവുകാരൻ സജിത്ത് ഉൾപ്പടെയുള്ളവരെയാണ് വിസ്തരിക്കുക. അടച്ചിട്ട കോടതി മുറിയിലായിരിക്കും വിസ്താരം നടക്കുക. ഉടൻ വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടികയാണ് പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയിട്ടുള്ളത്.

Eng­lish Summary:Dileep did not take notice; Order to be issued by council
You may also like this video

Exit mobile version