Site iconSite icon Janayugom Online

ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിലേക്ക്

കൊച്ചി നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് അടക്കമുള്ള പ്രതികൾ നാളെ ഹൈക്കോടതിയെ സമീപിക്കും.

കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും, എഫ്ഐആർ നിലനിൽക്കില്ലെന്നുമാണ് പ്രതികളുടെ നിലപാട്. ദിലീപ് അടക്കമുള്ള പ്രതികളുടെ ഗൂഢാലോചന തെളിയിക്കാൻ പര്യാപ്തമായ തെളിവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് തങ്ങളുടെ പരാതി ശരിവയ്ക്കുന്നതാണെന്നാണ് പ്രതികൾ കോടതിയെ അറിയിക്കുക. എന്നാൽ പ്രതികളുടെ ഈ നീക്കം തടയാൻ പരമാവധി തെളിവ് ശേഖരിക്കാൻ ക്രൈംബ്രാഞ്ചും ശ്രമം തുടങ്ങിയിട്ടുണ്ട്.

ദിലീപ് അടക്കമുള്ളവരുടെ ഫോണുകളുടെ ഫോറൻസിക് പരിശോധനാഫലം ലഭിക്കുന്നതോടെ, കേസിലെ ഗൂഢാലോചനയ്ക്ക് കൂടുതൽ തെളിവ് കിട്ടും എന്നാണ് അന്വേഷണസംഘം കരുതുന്നത്. ദിലീപിന്റെ സഹോദരീഭർത്താവ് സൂരജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. കുസാറ്റ് ആൽഫി നഗറിലുള്ള വില്ലയിലായിരുന്നു പരിശോധന. എന്നാൽ പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് സൂരജിന്റെ കതൃക്കടവിലെ ഫ്ലാറ്റിലും നേരത്തെ ക്രൈം ബ്രാഞ്ച് തിരച്ചിൽ നടത്തിയിരുന്നു.

കേസിൽ ദിലീപും സഹോദരൻ അനൂപും സഹോദരീഭർത്താവ് സൂരജും അടക്കം അഞ്ച് പ്രതികൾക്ക് ഈ മാസം ഏഴിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. വധഗൂഢാലോചനാക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ദിലീപ് അടക്കം അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണസംഘം ഹാജരാക്കിയ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി വിലയിരുത്തിയിരുന്നു.

 

Eng­lish Sum­ma­ry: Dileep moves high court seek­ing quash­ing of con­spir­a­cy case

You may like this video also

Exit mobile version