Site iconSite icon Janayugom Online

ദിലീപിനെ വെറുതെവിട്ട അതേ ആനുകൂല്യം തനിക്കും ലഭിക്കണം; നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാർട്ടിൻ ഹൈക്കോടതിയിൽ

നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ ഹർജി നൽകി. നടിയെ ആക്രമിച്ച വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും ഒന്നാം പ്രതിയായ പൾസർ സുനിയുമായി ഗൂഢാലോചനയിൽ പങ്കാളിയായെന്ന് മാത്രമാണ് തനിക്കെതിരായ കുറ്റമെന്നും മാർട്ടിൻ തന്റെ ഹർജിയിൽ പറയുന്നു. അതേസമയം സമാന ആരോപണം ഉണ്ടായ എട്ടാംപ്രതി ദിലീപിനെ വെറുതെ വിട്ടു. ദിലീപിനെ വെറുതെവിട്ട അതേ ആനുകൂല്യം തനിക്കും ലഭിക്കണമെന്നും മാർട്ടിൻ ഹർജിയിൽ പറയുന്നു. നിലവിൽ കേസിലെ മൂന്നുപ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. പ്രദീപ്, വടിവാൾ സലീം എന്നിവരാണ് ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയ മറ്റു രണ്ടുപേർ. ഈ ഹർജിയിൽ നാലാഴ്ച്ചക്കുള്ളിൽ മറുപടി നൽകാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം, നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാര്‍ട്ടിന്‍റെ വീഡിയോ ഷെയര്‍ ചെയ്ത മൂന്നുപേര്‍ അറസ്റ്റിലായി. പണം വാങ്ങി വീഡിയോ പ്രചരിപ്പിച്ചവരുള്‍പ്പടെയാണ് അറസ്റ്റിലായതെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു. വീഡിയോ ഷെയര്‍ ചെയ്ത നൂറിലേറെ സൈറ്റുകള്‍ പൊലീസ് ഇല്ലാതാക്കി. കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു

Exit mobile version