നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ തെളിവ് ഹാജരാക്കാൻ വിചാരണക്കോടതി പ്രോസിക്യൂഷന് വീണ്ടും സമയം അനുവദിച്ചു. ഇന്നലെ പ്രോസിക്യൂഷൻ വാദം നടത്തിയെങ്കിലും കൃത്യമായ തെളിവ് ഹാജരാക്കാത്തതിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ഹർജി പരിഗണിക്കുന്നത് വരുന്ന 26 ലേക്ക് മാറ്റിയ വിചരണ കോടതി ജാമ്യം റദ്ദാക്കാൻ കാരണമാകുന്ന തെളിവുകൾ ഹാജരാക്കുന്നതിന് അവസാന അവസരമാണ് നൽകുന്നതെന്നും സർക്കാരിന്റെ അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്.
എന്നാൽ ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ പ്രതിഭാഗം അഭിഭാഷകർ മുംബെയിൽ പോയതിന് തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. എന്നാൽ നശിപ്പിക്കപ്പെട്ട ചാറ്റുകൾക്ക് നടിയെ ആക്രമിച്ച കേസുമായി നേരിട്ട് ബന്ധമുണ്ടെങ്കിലെ പ്രസക്തിയുള്ളുവെന്ന് കോടതി മറുപടി നൽകി.
കേസിലെ അന്വേഷണ മേൽനോട്ട ചുമതലയിൽ നിന്നും എസ് ശ്രീജിത്ത് മാറിയെന്ന് ഹൈക്കോടതിയെ അറിയിച്ച സർക്കാർ ശ്രീജിത്തിന്റെ സ്ഥലംമാറ്റത്തെ തുടർന്ന് പുതിയ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയതായും അറിയിച്ചു. അന്വേഷണ മേൽനോട്ട ചുമതല പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബിനാണെന്നുo സർക്കാർ അറിയിച്ചു.
സിനിമ സംവിധായകൻ ബൈജു കൊട്ടാരക്കരയായിരുന്നു എ ഡി ജി പി ശ്രീജിത്തിന്റെ സ്ഥാനചലനത്തിനെതിരെ കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേൽനോട്ട ചുമതല ആർക്കാണെന്ന് അറിയിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകുകയായിരുന്നു.
ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ സ്ഥാനത്തുനിന്ന് നീക്കിയതോടെ നടിയെ ആക്രമിച്ച കേസിന്റെയും അന്വേഷണ ചുമതലയിൽ നിന്നും മാറ്റിയോ എന്നതിൽ വ്യക്തത നൽകണമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ കോടതിയിൽ നിലപാടറിയിച്ചത്.
English summary;Dileep’s bail to be canceled: Court says to submit evidence
You may also like this video;