രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്കപിന്നാലെ രാജ്യംവിട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് ഇടക്കാല സര്‍ക്കാര്‍ റദ്ദാക്കി. ബംഗ്ലാദേശ് ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്തെ എല്ലാ എമിഗ്രേഷന്‍ കൗണ്ടറുകള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഷേഖ് ഹസീനയുടേതിനുപുറമെ അവാമി ലീഗ് സര്‍ക്കാരിലെ മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് നല്‍കിയ നയതന്ത്ര പാസ്‌പോര്‍ട്ടുകളും സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്.
ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭത്തിനെതിരെ സ്വീകരിച്ച നടപടികളില്‍, മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങളും വംശഹത്യയും നടന്നുവെന്നാരോപിച്ച് ഷേഖ് ഹസീനയ്‌ക്കെതിരെ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണലില്‍ മൂന്ന് കേസുകള്‍ കൂടി ഫയല്‍ ചെയ്തു. പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ കുടുംബമാണ് പുതിയ കേസുകള്‍ ഫയല്‍ ചെയ്തത്. കേസുകളില്‍ അന്വേഷണം ആരംഭിച്ചതായി അന്വേഷണ ഏജന്‍സി ഡെപ്യൂട്ടി ഡയറക്ടര്‍ അതാവുര്‍ റഹ്മാന്‍ പറഞ്ഞു. ഷേഖ് ഹസീനയ്ക്കും അവാമി ലീഗ് നേതാക്കളും മന്ത്രിമാരും ഉള്‍പ്പെടെ മറ്റ് 76 പേര്‍ക്കുമെതിരെ കഴിഞ്ഞ ദിവസം സുപ്രീംകോടതി അഭിഭാഷകന്‍ ഹജ്ജത്ഉള്‍ അസ്ലാം ഖാനും അന്ത്രാഷ്ട്ര ട്രിബ്യൂണലില്‍ പരാതി നല്‍കിയിരുന്നു.
ഇതടക്കം ഹസീനയ്‌ക്കെതിരെ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണലില്‍ ഫയല്‍ ചെയ്ത കേസുകളുടെ എണ്ണം ഏഴായി ഉയര്‍ന്നു. വിചാരണക്കായി ഷേഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറണമെന്ന് പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.