സിനിമാ, ഡോക്യുമെന്ററി സംവിധായകനും കാർട്ടൂണിസ്റ്റുമായ കെ പി ശശിക്ക് നാടിന്റെ അന്ത്യാഞ്ജലി. ഞായറാഴ്ച ഉച്ചയോടെയാണ് കരൾ രോഗത്തിന് ചികിത്സയിലായിരിക്കെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണം സംഭവിച്ചത്. 64 വയസായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവും തത്വചിന്തകനുമായ കെ ദാമോദരന്റെയും പത്മയുടെയും മകനാണ്. കെ പി മോഹനൻ, കെ പി ഉഷ. കെ പി മധു, കെ പി രഘു എന്നിവർ സഹോദരങ്ങളാണ്. തൃശൂര്‍ പൂത്തോളിലെ വസതിയില്‍ പൊതുദര്‍ശനത്തിനുവച്ച ഭൗതിക ശരീരത്തില്‍ വിവിധ മേഖലയിലുള്ള ആയിരങ്ങള്‍ അന്ത്യോപചാരമര്‍പ്പിച്ചു. സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, പാര്‍ട്ടി നേതാക്കളായ കെ പി രാജേന്ദ്രന്‍, സി എന്‍ ജയദേവന്‍, മന്ത്രി കെ രാജന്‍ തുടങ്ങിയവരും അന്ത്യാഭിവാദ്യം ചെയ്തു. ഇന്നലെ ഉച്ചക്ക് പാറമേക്കാവ് ശാന്തി കവാടത്തിൽ സംസ്കാരം നടത്തി.
മുംബൈയിലെ ഫ്രീ പ്രസ്സ് ജേർണലിൽ കാർട്ടൂണിസ്റ്റായി ജോലി ചെയ്തിരുന്ന കെ പി ശശി, ദീര്‍ഘകാലം ജനയുഗം പത്രത്തിനുവേണ്ടിയും കാര്‍ട്ടൂണ്‍ വരച്ചു. സാമൂഹികവും മാനസികവുമായ അതിക്രമങ്ങൾക്ക് ഇരയാവുന്ന മലയാളി സ്ത്രീകളുടെ ജീവിതം ഇതിവൃത്തമാക്കി തയാറാക്കിയ ‘ഇലയും മുള്ളും’ എന്ന സിനിമയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. റെസിസ്റ്റിങ് കോസ്റ്റൽ ഇൻവേഷൻ, ലിവിങ് ഇൻ ഫിയർ, ഡവലപ്മെന്റ് അറ്റ് ഗൺപോയന്റ് എന്നിവ ശ്രദ്ധേയമായ സിനിമകളാണ്. ഫാബ്രിക്കേറ്റഡ്, ലിവിങ് ഇൻ ഫിയർ, ലൈക്ക് ലീവ്സ് ഇൻ എ സ്റ്റോം, എ വാലി റെഫ്യൂസഡ് ടുഡേ എന്നിവയാണ് പ്രധാന ഡോക്യുമെന്ററികള്‍. 2013ൽ പുറത്തിറങ്ങിയ ഫാബ്രിക്കേറ്റഡ് വലിയ ചർച്ചയായിരുന്നു.
കാനം അനുശോചിച്ചു
കെ പി ശശിയുടെ നിര്യാണത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുശോചിച്ചു. എന്നും ഇടതുപക്ഷ നിലപാടുകളാണ് ശശി സ്വീകരിച്ചതെന്ന് കാനം പറഞ്ഞു. തനിക്ക് ശരിയെന്ന് തോന്നുന്നത് വെട്ടിത്തുറന്നു പറയാൻ അദ്ദേഹം ഒരിക്കലും മടിച്ചിട്ടില്ല. ശശിയുടെ നിര്യാണം ചലച്ചിത്ര ലോകത്തിന് അപരിഹാര്യമായ നഷ്ടമാണെന്നും കാനം അനുശോചന സന്ദേശത്തിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കെ പി ശശിയുടെ നിര്യാണത്തിൽ അനുശോചിച്ചു.
English Summary: Director and cartoonist KP Shashi passed away
You may also like this video