Site iconSite icon Janayugom Online

സിനിമയില്‍ നായികയായി വിളിച്ചശേഷം ലൈംഗികാതിക്രമം : സംവിധായകന്‍ അറസ്റ്റില്‍

സിനിമയില്‍ നായികയായി അഭിനയിക്കാന്‍ അവസരം നല്‍കിയ ശേഷം നടിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സംവിധായകന്‍ അറസ്റ്റില്‍. ബംഗളൂരുവിലെ രാജാജി നഗര്‍ പൊലീസാണ് സംവിധായകനും നടനും നിര്‍മ്മാതവുമായി ബി ഐ ഹേമന്ത് കുമാറിനെ അറസ്റ്റ് ചെയ്തത്. ടെലിവിഷന്‍ താരമായ നടിയുടെ പരാതിയിലാണ് അറസ്റ്റ്. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് റിമാന്റ് ചെയ്തു .2022‑ലാണ് ഹേമന്ത് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ചതെന്ന് നടി പരാതിയില്‍ പറയുന്നു. 

3 എന്ന് പേരിട്ട സിനിമയില്‍ നായികാ വേഷമാണ് വാഗ്ദാനം ചെയ്തത്. രണ്ട് ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്ന കരാറില്‍ ഒപ്പുവെക്കുകയും 60,000 രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പിന്നീട് സിനിമയുടെ ചിത്രീകരണം ഹേമന്ത് മനഃപൂര്‍വം വൈകിപ്പിക്കുകയും നടിയെ ശല്യപ്പെടുത്താന്‍ തുടങ്ങുകയും ചെയ്തു. ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാനും അശ്ലീല രംഗങ്ങളില്‍ അഭിനയിക്കാനും നിര്‍ബന്ധിച്ചുകൊണ്ടാണ് ഇയാള്‍ നടിയെ ശല്യപ്പെടുത്തിയത്. ഷൂട്ടിങ്ങിനിടെ ഹേമന്ത് ലൈംഗികാതിക്രമം നടത്തിയെന്നും വഴങ്ങാതിരുന്നതോടെ ഭീഷണിപ്പെടുത്തിയെന്നും നടി പരാതിയില്‍ പറയുന്നു.

പിന്നീട് ഫിലിം ചേമ്പറിന്റെ മധ്യസ്ഥതയെ തുടര്‍ന്നാണ് നടി ചിത്രീകരണം തുടരാന്‍ തയ്യാറായത്. എന്നാല്‍ ഇതിന് ശേഷവും ഹേമന്ത് തന്നെ ശല്യപ്പെടുത്തുന്നത് തുടര്‍ന്നുവെന്നും നടി പരാതിയില്‍ ആരോപിക്കുന്നു.2023‑ല്‍ മുംബൈയിലെ പ്രൊമോഷണല്‍ പരിപാടിക്കിടെ താന്‍ കുടിച്ച പാനീയത്തില്‍ ഹേമന്ത് മയക്കുമരുന്ന് കലര്‍ത്തിയെന്നും അബോധാവസ്ഥയിലുള്ള തന്റെ വീഡിയോ ചിത്രീകരിച്ചെന്നും പരാതിയില്‍ പറയുന്നു. ഈ വീഡിയോ ഉപയോഗിച്ച് പിന്നീട് ഇയാള്‍ ഭീഷണിപ്പെടുത്തി. ഇതിനും വഴങ്ങാതിരുന്നതോടെ ഗുണ്ടകളെ തന്റെ പിന്നാലെ വിട്ടുവെന്നും തന്നെയും അമ്മയേയും കൊല്ലുമെന്ന് ഭീഷണി മുഴക്കിയെന്നും നടി പറയുന്നു.

സിനിമയിലെ സെന്‍സര്‍ ചെയ്യപ്പെടാത്ത വീഡിയോ ക്ലിപ്പുകളും തന്റെ വ്യക്തിവിവരങ്ങളും ഹേമന്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും നടി പറയുന്നു. ഇതേ തുടര്‍ന്ന് ബെംഗളൂരു സിറ്റി സിവില്‍ കോടതിയെ സമീപിച്ച നടി തന്റെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്ന് ഹേമന്തിനെവിലക്കിക്കൊണ്ടുള്ള ഉത്തരവ് നേടി. എന്നാല്‍ ഇത് ലംഘിച്ചുകൊണ്ട് അപമാനകരമായ പോസ്റ്റുകളിടുന്നത് ഹേമന്ത് തുടര്‍ന്നുവെന്നും നടി പറയുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു

Exit mobile version