കണ്ടുമുട്ടിയതും പ്രണയിച്ചതും ചലച്ചിത്രോത്സവത്തില്‍ നിന്ന്. താലികെട്ടിനു ശേഷം ആദ്യം ഓടിയെത്തിയതും ചലച്ചിത്രോത്സവ വേദിയിലേക്കുതന്നെ. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയായ പാമ്പള്ളിയും തിരുവനന്തപുരം കല്ലമ്പലം നാവായികുളം സ്വദേശിയായ സുരഭിയുമാണ് ടാഗോര്‍ തിയേറ്ററിലെ മേളയില്‍ വേറിട്ട കാഴ്ചയായത്. ടാഗോറില്‍ പ്രദര്‍ശിപ്പിക്കുന്ന ‘ലോര്‍ഡ് ഓഫ് ദി ആന്റ്സ്’ എന്ന ഇറ്റാലിയൻ സിനിമ കാണാൻ ആണ് ഇരുവരും എത്തിയത്.
ആറ് വര്‍ഷം മുമ്പ് ഐഎഫ്എഫ്‍കെയില്‍ സിനിമ നല്‍കിയ സൗഹൃദം പ്രണയവും ഇപ്പോള്‍ ദാമ്പത്യവുമായതിന്റെ സന്തോഷത്തിലാണ് ഇരുവരും. യുവ സംവിധായകനായ പാമ്പള്ളിയും ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥയായ സുരഭിക്കും പങ്കിടാൻ ഉണ്ടായിരുന്നത് പ്രണയവും സൗഹൃദവും നിറഞ്ഞ ഐഎഫ്എഫ്‍കെ ഓര്‍മ്മകള്‍ തന്നെ ആയിരുന്നു. മികച്ച നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്ക്കാരം 2018ല്‍ പാമ്പള്ളി സംവിധാനം ചെയ്ത ‘സിൻജാര്‍’ സിനിമയ്ക്കായിരുന്നു. ലക്ഷദ്വീപിലെ ലിപിയില്ലാത്ത ‘ജസരി’ ഭാഷയിലിറക്കിയ ഈ ചിത്രത്തിന് തന്നെയായിരുന്നു 2018 ലെ ‘ജസരി’ ഭാഷയിലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചതും.