തമിഴ് ചലച്ചിത്ര സംവിധായകൻ വെട്രി ദുരൈ സ്വാമി(45)യെ മരിച്ച നിലയില്‍ കണ്ടെത്തി. ഒമ്പതുദിവത്തെ തിരച്ചിലിനൊടുവിലാണ് വെട്രിയുടെ മൃതദേഹം കണ്ടെത്തിയത്. വാഹനാപകടത്തിലാണ് വെട്രി മരിച്ചതെന്നാണ് വിവരം. ഹിമാചല്‍ പ്രദേശിലെ കിന്നൗർ ജില്ലയിലെ സത്‌ലജ് നദിയില്‍ നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
രമ്യ നമ്ബീശൻ നായികയായ ‘എൻഡ്രാവത് ഒരു നാള്‍’ എന്ന തമിഴ് സിനിമയുടെ രചയിതാവും സംവിധായകനുമായിരുന്നു. ഫെബ്രുവരി 4 ന് സ്പിതിയില്‍ നിന്ന് ഷിംലയിലേക്ക് പോവുകയായിരുന്ന കാർ കിന്നൗറിലെ കഷാങ് നുല്ലയ്ക്ക് സമീപം ഉച്ചയ്ക്ക് 1.30 ഓടെ അപകടത്തില്‍ പെട്ടതിനെ തുടർന്ന് ഇയാളെ കാണാതായിരുന്നു. തമിഴ്‌നാട് സ്വദേശികളായ വെട്രി ദുരൈസാമി (45), ഗോബിനാഥ് (32) എന്നിവർ ഹിമാചല്‍ പ്രദേശിലെ ലാഹൗള്‍സ്പിതി ജില്ലയിലെ സ്പിതി താഴ്‌വര സന്ദർശിക്കാൻ വന്നിരുന്നു. ഇരുവരും ഫെബ്രുവരി 4ന് ഇന്നോവ കാറില്‍ സ്പിതിയില്‍ നിന്ന് ഷിംലയിലേക്ക് മടങ്ങുകയായിരുന്നു. സ്പിതി സബ് ഡിവിഷനിലെ ടാബോയിലെ താമസക്കാരനായ ടെൻസിനാണ് ഓടിച്ചത്. ഉച്ചയ്ക്ക് 1.30 ഓടെ കഷാങ് നുല്ലയില്‍ എത്തിയ കാർ ദേശീയപാത5ല്‍ നിയന്ത്രണം വിട്ട് സത്‌ലജ് നദിയിലേക്ക് വീണു. അപകടത്തില്‍ ഗോപിനാഥിന് ഗുരുതരമായി പരിക്കേറ്റു. വെട്രിയെ അന്നുമുതല്‍ കാണാതായിരുന്നു. ഡ്രൈവർ ടെൻസിൻ മരിച്ചു. തിരച്ചില്‍ സംഘം ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം മൃതദേഹം കണ്ടെടുക്കുകയുമുണ്ടായി.
പരിക്കേറ്റ ഗോബിനാഥിനെ ചികിത്സയ്ക്കായി ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് (ഐജിഎംസിഎച്ച്) മാറ്റി. ഇതുമായി ബന്ധപ്പെട്ട്, ഫെബ്രുവരി നാലിന് തന്നെ കിന്നൗറിലെ പോലീസ് സ്റ്റേഷൻ റെക്കോംഗ് പിയോയില്‍ ഐപിസി 279, 337, 304 എ വകുപ്പുകള്‍ പ്രകാരം എകഞ രജിസ്റ്റർ ചെയ്തു. പോലീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, സംഭവ ദിവസം തലച്ചോറെന്ന് കരുതുന്ന മനുഷ്യ ശരീരത്തിൻ്റെ ചില ഭാഗങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. അത് അന്വേഷണ ഉദ്യോഗസ്ഥൻ ഡിഎൻഎ പരിശോധനയ്ക്കായി ഷിംലയ്ക്ക് സമീപമുള്ള ജുംഗയിലെ സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചു. കാണാതായ വെട്രിയെ കണ്ടെത്താൻ ഫെബ്രുവരി 4 മുതല്‍ 12 വരെ ജില്ലാ പോലീസ് ഐടിബിപി, എൻഡിആർഎഫ്, നേവി, എസ്ഡിആർഎഫ് ഉത്തരാഖണ്ഡ്, ഹോം ഗാർഡുകള്‍, മഹുൻ നാഗ് അസോസിയേഷൻ്റെ മുങ്ങല്‍ വിദഗ്ധർ എന്നിവർ സത്‌ലജ് നദിയുടെ തീരത്ത് സംയുക്ത തിരച്ചില്‍ നടത്തി. കാണാതായ ആളെ കണ്ടെത്താൻ ഡ്രോണും ഉപയോഗിച്ചു.
തിങ്കളാഴ്ച നടത്തിയ തിരച്ചിലിനിടെ, മഹുൻ നാഗ് അസോസിയേഷൻ്റെ മുങ്ങല്‍ വിദഗ്ധൻ സംഭവസ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെ സത്‌ലജ് നദിയില്‍ നിന്ന് വെട്രിയുടെ മൃതദേഹം കണ്ടെത്തി, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഐജിഎംസിഎച്ച് ഷിംലയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മുൻ ചെന്നൈ മേയർ സെയ്ദായി ദുരൈസാമിയുടെ മകനാണ് വെട്രി.
English Summary: Director Vetri Durai Swamy found dead: The body was found after a nine-day search
You may also like this video