സിഐസി (കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജ്) യില്‍ നിന്ന് തന്നോടൊപ്പം അധ്യാപകരടക്കം 118 പേര്‍ കൂടി വിവിധ സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കുമെന്ന് ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി ആദ്യശേരി. സിഐസിയില്‍ നിന്ന് വിട്ടുപോകുന്നത് സമൂഹത്തോടുള്ള അനീതിയാണെന്നും ഹക്കീം ഫൈസി അഭിപ്രായപ്പെട്ടു. ഇപ്പോഴുള്ള രാജികള്‍ നിലവില്‍ വാഫി കോഴ്സ് ചെയ്യുന്ന വിദ്യാര്‍ഥികളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദർശത്തിൽ ഉറച്ചുനിന്ന് പ്രവർത്തനശൈലിയിൽ മാറ്റംവരുത്തി മുന്നോട്ട് പോകും. തന്റെ രാജി ഒരു വിഭാഗം ആഗ്രഹിച്ചിരുന്നു. സമസ്ത മാതൃ സംഘടനയാണ്. അത് ആദർശ പ്രസ്ഥാനമാണ്. അതൊരു കേവല സംഘടനയല്ല. മുസ്ലിങ്ങൾ എന്ന നിലയിൽ ഞങ്ങൾ അതിനുള്ളിൽ തന്നെയാണ്. ആർക്കും അതിൽ നിന്ന് പുറത്താക്കാനാകില്ല. വിശ്വസ പ്രമാണ രംഗത്ത് നിന്നുകൊണ്ട് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമസ്തയിലെ കുറച്ചാളുകൾ അനവസരത്തിൽ അനാവശ്യമായി അസ്വസ്ഥതകളുണ്ടാക്കകയാണ്. മഹാപണ്ഡിതന്മാരായിട്ടുള്ള സമസ്തയിലെ 40 അംഗങ്ങൾ ഭരണപരമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നവരല്ല. എന്നാൽ ചില ആളുകൾ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. നിലവിൽ വാഫി കോഴ്സ് ചെയ്യുന്ന വിദ്യാർഥികളെ അനാഥമാക്കുന്ന രീതി ഇപ്പോഴുണ്ടാകില്ല. പകരം സംവിധാനമുണ്ടാവുന്നത് വരെ സ്ഥാനത്ത് തുടരും. വിദ്യാർഥികളും രക്ഷിതാക്കളും അടങ്ങുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ടെന്നും ഹക്കീം ഫൈസി പറഞ്ഞു.
സിഐസി പ്രസിഡന്റുകൂടിയായ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടതുകൊണ്ടാണ് രാജിവെക്കുന്നത് ഹക്കീം ഫൈസി നേരത്തെ രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നു. സുന്നി ആശയാദർശങ്ങൾക്കും സമസ്തയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കും വിരുദ്ധമായി പ്രചാരണം നടത്തിയെന്നാരോപിച്ച് ഹക്കീം ഫൈസിയെ സമസ്തയിൽ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ഹക്കീം ഫൈസിയുമായി സഹകരിക്കുകയോ പരിപാടികളിൽ അദ്ദേഹത്തെ പങ്കെടുപ്പിക്കുകയോ ചെയ്യരുതെന്നും സമസ്തയുടെ നിർദേശമുണ്ടായിരുന്നു.
English Summary; Disagreement with Samasta; Hakeem Faizi said that 118 more people will resign from CIC
You may also like this video

