Site iconSite icon Janayugom Online

ജസ്‌ന തിരോധാനം; ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുക്കാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ നാളെ മുണ്ടക്കയത്ത് എത്തുമെന്ന് സൂചന

ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലിന്റ അന്വേഷണം നടത്താന്‍ സിബിഐ ഉദ്യോഗസ്ഥര്‍ നാളെ മുണ്ടക്കയത്ത് എത്തുമെന്ന് റിപ്പോർട്ട്. നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ട മുണ്ടക്കയം സ്വദേശിനിയുടെ മൊഴി എടുക്കും. ലോഡ്ജില്‍ കണ്ടത് ജെസ്‌ന തന്നെ ആണോ, കാണാതായതിന് ഇവിടവുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാകും പരിശോധിക്കുക. 

തിരുവല്ലയില്‍ നിന്നും കാണാതായ ജസ്‌ന മുണ്ടക്കയത്തെ ലോഡ്ജില്‍ എത്തിയിരുന്നുവെന്ന വെളിപ്പെടുത്തലോടെ ജസ്‌ന തിരോധാന കേസ് വീണ്ടും ചര്‍ച്ചയാകുകയാണ്. ജസ്‌ന എത്തിയെന്ന് പറയപ്പെടുന്ന മുണ്ടക്കയത്തെ ലോഡ്ജിനെ കേന്ദ്രീകരിച്ചാണ് വെളിപ്പെടുത്തലുകള്‍. ജസ്‌നയുടെ അവസാന സിസിടിവി ദൃശ്യം ലഭിക്കുന്നത് ഈ പ്രദേശത്ത് വെച്ചാണെന്നതിനാല്‍ നേരത്തെ പല തവണ ക്രൈംബ്രാഞ്ച് ഇവിടെ പരിശോധന നടത്തിയിരുന്നു. പത്തനംതിട്ട എസ്പി ഓഫീസിലേക്ക് വിളിച്ചു വരുത്തി തന്നെ ചോദ്യം ചെയ്തിരുന്നെന്നും ലോഡ്ജ് ഉടമ ബിജു സേവ്യര്‍ പറഞ്ഞു.

മുണ്ടക്കയം ബസ് സ്റ്റാന്റിന്റെ നേരേ എതിര്‍ വശത്തുള്ള കെട്ടിടത്തിലാണ് ജസ്‌ന എത്തിയെന്ന് പറയപ്പെടുന്ന ലോഡ്ജ് പ്രവര്‍ത്തിക്കുന്നത്. റോഡരികിലുള്ള കടമുറികള്‍ ഇടയിലൂടെ കുറച്ച് അകത്തേക്ക് എത്തണം. താഴത്തെ നിലയില്‍ റിസപ്ഷനെന്ന് പറയാവുന്ന രീതിയില്‍ സജീകരിച്ചിരിക്കുന്ന ഇടം. കോണിപ്പടികള്‍ കയറി ചെന്നാല്‍ മുകളിലെ നിലകളിലായി കുറെ മുറികള്‍ കാണാം. 

ലോഡ്ജിലെ മുന്‍ ജീവനക്കാരി നടത്തിയ വെളിപ്പെടുത്തല്‍ പ്രകാരം ലോഡ്ജിന്റെ കോണിപ്പടികളിലാണ് ജസ്‌നയുടെ രൂപ സാദ്യശ്യമുളള പെണ്‍കുട്ടിയെ ആണ്‍സുഹൃത്തിനൊപ്പം അന്ന് കണ്ടത്. പടിക്കെട്ടുകെട്ടുകള്‍ കയറി രണ്ടാമത്തെ നിലയില്‍ എത്തുമ്പോഴാണ് ജസ്‌നയും ആണ്‍സുഹൃത്തും എടുത്തുവെന്ന് പറയുന്ന 102 നമ്പര്‍ മുറി. കേസിലെ ഏറ്റവും പുതിയ വെളിപ്പെടുത്തലിനെ ലോഡ്ജ് ഉടമ പൂര്‍ണമായും തളളുകയാണ്. പക്ഷെ െ്രെകം ബ്രാഞ്ചിന്റെ അന്വേഷണവേളയില്‍ ഉദ്യോഗസ്ഥര്‍ ഇവിടെ എത്തിയതും തെളിവ് ശേഖരിച്ചതും ലോഡ്ജ് ഉടമ തള്ളുന്നില്ല. സിബിഐ അന്വേഷണ സംഘം ലോഡ്ജ് ഉടമയെ ഫോണില്‍ ബന്ധപ്പെട്ടു. ഉടന്‍ വിശദമായ മൊഴിയും രേഖപ്പെടുത്തിയേക്കും.

Exit mobile version