Site iconSite icon Janayugom Online

മുഹമ്മദ് അട്ടൂരിന്റെ തിരോധാനം: ഡ്രൈവറേയും, ഭാര്യയേയും കാണാനില്ലെന്ന് പരാതി

കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് അട്ടൂരിന്റെ (മാമി) തിരോധാനത്തില്‍ ക്രൈബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ ഡ്രൈവറേയും ഭാര്യയേയും കാണാതായി.ഡ്രൈവര്‍ രജിത് കുമാറിനേയും ഭാര്യ തുഷാരയേയും കാണാനില്ലെന്ന് കാണിച്ച് തുഷാരയുടെ സ​ഹോദരൻ സുമൽജിത്താണ് നടക്കാവ് പോലീസിൽ പരാതി നൽകിയത്.

കോഴിക്കോട് കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്ന ഇരുവരും വ്യാഴാഴ്ച മുറി വെക്കേറ്റ് ചെയ്ത് ലോഡ്ജിൽ നിന്നും പോയെന്നും പിന്നീട് ഇരുവരെക്കുറിച്ചും യാതൊരു വിവരവുമില്ലെന്നുമാണ് പരാതി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരും വീട്ടിൽ നിന്നും പോയത്. ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് കഴിഞ്ഞദിവസം നോട്ടീസ് നൽകിയിരുന്നുവെന്നുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും ഒരു ഓട്ടോറിക്ഷയിൽ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ഓട്ടോറിക്ഷ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. 2023 ഓഗസ്റ്റ് 21നാണ് റിയൽഎസ്റ്റേറ്റ് വ്യാപാരിയായ മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണാതായത്. 

മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ 22ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂർ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു. പിന്നീട് 147 പേരെ ചോദ്യം ചെയ്തു. ആയിരത്തിലേറെ ഫോൺ കോളുകൾ പരിശോധിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുടുംബം അതൃപ്തി അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ സെപ്തംബറിലാണ് അന്വേഷണം കോഴിക്കോട് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്

Exit mobile version