Site iconSite icon Janayugom Online

പ്രണയനൈരാശ്യം, സാമ്പത്തിക പ്രശ്നം; ഇന്ത്യൻ യുവത ജീവനൊടുക്കുന്നതിനുപിന്നില്‍ ഇവയാണ്…

യുവജനങ്ങളിലെ ആത്മഹത്യ ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍. ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ ഭാഗമായി നടത്തിയ സര്‍വേ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. മറ്റ് ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ യുവജനത ആത്മഹത്യ ചെയ്യുന്നത് ഇന്ത്യയിലാണെന്ന് വിദഗ്ധര്‍ പറയുന്നു. 15 മുതല്‍ 19 വയസുവരെയുള്ള കൗമാരക്കാരുടെ മരണകാരണങ്ങളില്‍ ആത്മഹത്യ നാലാം സ്ഥാനത്താണ്. 

നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ മൊത്തം ആത്മഹത്യാ മരണങ്ങളില്‍ 40 ശതമാനവും യുവാക്കളാണ്. ഇന്ത്യയില്‍ ആത്മഹത്യചെയ്ത യുവാക്കളുടെ എണ്ണം ആഗോള ശരാശരിയേക്കാള്‍ ഇരട്ടിയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ പ്രതിദിനം 160 യുവാക്കള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2023ല്‍ ലോകമെമ്പാടും ഏഴ് ലക്ഷം ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 1.39 ലക്ഷവും ഇന്ത്യയിലാണ്. 2022ല്‍ രാജ്യത്ത് 1.71 ലക്ഷം യുവാക്കളാണ് ആത്മഹത്യ ചെയ്തത്. കുടുംബപ്രശ്നങ്ങള്‍, പ്രണയനൈരാശ്യം, മാനസികാരാഗ്യാവസ്ഥകള്‍, സാമ്പത്തിക പ്രതിസന്ധികള്‍ തുടങ്ങിയ കാരണങ്ങളാണ് മിക്ക യുവാക്കളെയും ആത്മഹത്യയിലേക്ക് നയിക്കുന്നത്. 

ആത്മഹത്യാ പ്രവണത കുറയ്ക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ദേശീയ മാനസികാരോഗ്യ പരിപാടികള്‍, കിരണ്‍ ഹെല്‍പ്പ് ലൈന്‍ തുടങ്ങിയ സംരംഭങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്. എന്നിരുന്നാലും വര്‍ധിച്ചുവരുന്ന ആത്മഹത്യാ പ്രേരണ ചെറുക്കുന്നതിനായി പൊതുജന ബോധവല്‍ക്കരണ കാമ്പെയ്നുകളു, മാനസികാരോഗ്യ വിദ്യാഭ്യാസ ക്ലാസ് തുടങ്ങിയവ സംഘടിപ്പിക്കേണ്ടതും അത്യന്താപേക്ഷിതമാണെന്ന് വിദ്ഗ്ധര്‍ പറയുന്നു. 

Exit mobile version