Site iconSite icon Janayugom Online

മൂന്നാം ദിനത്തിലും നിരാശ

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിനത്തിലും ഇന്ത്യക്ക് നിരാശ. ലോങ് ജമ്പില്‍ മലയാളി താരം മുരളി ശ്രീശങ്കർ, സ്പ്രിന്റ് ഹർഡിൽസ് തേജസ് ഷിർസെ, സ്റ്റീപ്പിൾ ചേസർമാരായ പരുൾ ചൗധരി, അങ്കിത ധ്യാനി എന്നിവർക്ക് തിളങ്ങാനായില്ല.
ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവായ ശ്രീശങ്കറിന് ഫൈനലിലെത്താൻ ഒന്നുകിൽ 8.15 മീറ്റർ ഉയരം കൈവരിക്കണമായിരുന്നു. 

അല്ലെങ്കിൽ ആദ്യ 12 വരെയുള്ള സ്ഥാനങ്ങളിൽ എത്തണമായിരുന്നു. എന്നാല്‍ 36 മത്സരാർത്ഥികളിൽ 25-ാം സ്ഥാനത്തെത്താനെ ശ്രീശങ്കറിനായുള്ളു. 7.78, 7.59, 7.70 മീറ്റർ എന്നിങ്ങനെയാണ് ശ്രീലങ്കറിന്റെ പ്രകടനം. കാൽമുട്ടിനേറ്റ ഗുരുതരമായ പരിക്കിനെത്തുടർന്ന് ഒരു വർഷത്തിലേറെയായി വിശ്രമത്തിലായിരുന്ന ശ്രീശങ്കർ ജൂലൈയിൽ തിരിച്ചെത്തിയത്. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ പരുളും അങ്കിതയും നിരാശാജനകമായ പ്രകടനമാണ് കാഴ്ചവച്ചത്. ഫൈനലിലേക്ക് യോഗ്യത നേടാന്‍ രണ്ട് പേര്‍ക്കും അവരവരുടെ ഹീറ്റ്സിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തണമായിരുന്നു. 9:31.99 സെക്കൻഡിൽ വ്യക്തിഗത മികച്ച സമയം കുറിച്ച അങ്കിത ആദ്യ ഹീറ്റ്സിൽ 10-ം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ വർഷം ആദ്യം ഗുമിയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 9:12.46 സെക്കൻഡിൽ ദേശീയ റെക്കോഡ് സ്ഥാപിച്ച പരുൾ രണ്ടാം ഹീറ്റ്സിൽ 9:22.24 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഒമ്പതാം സ്ഥാനത്തെത്തി. മൊത്തത്തിൽ, പരുൾ 20-ാം സ്ഥാനത്തും അങ്കിത 35-ാം സ്ഥാനത്തും അവസാന സ്ഥാനത്തും എത്തി.

പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ തേജസ് ഷിർസെ 13.57 സെ­ക്കൻഡിൽ 29-ാം സ്ഥാനത്തെത്തി. താരത്തിന് സെ­മിഫൈനലിൽ എത്താൻ കഴിഞ്ഞില്ല. ദേശീയ റെക്കോ­ഡുള്ള തേജസ് അഞ്ചാമത്തെയും അവസാനത്തെയും ഹീറ്റ്സിൽ 13.57 സെക്കൻഡിൽ ആറാമതായി ഫിനിഷ് ചെയ്തു. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണവും രണ്ട് വെള്ളിയുമായി യുഎസ് ആണ് തലപ്പത്ത്. രണ്ട് സ്വര്‍ണവും ഒരു വെങ്കലവുമായി കെനിയ രണ്ടാമതുണ്ട്.

Exit mobile version