Site iconSite icon Janayugom Online

നിരായുധീകരണം; ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്

നിരായുധീകരണത്തിനായ ഹമാസിനുമേല്‍ സമ്മര്‍ദം ശക്തമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹമാസ് അതിനു തയ്യാറായില്ലെങ്കില്‍ അവരെ നിരായുധരാക്കുമെന്നും അത് വേഗത്തിലും ഒരുപക്ഷേ അക്രമാസക്തമായും സംഭവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ട്രംപിന്റെ 20 ഇന പദ്ധതിയില്‍ സമാധാന കരാറിന്റെ രണ്ടാം ഘട്ടം പ്രാബല്യത്തിൽ വന്നാൽ ഹമാസിനെ നിരായുധരാക്കാനും ഗാസ വിട്ടുപോകാനും നിർബന്ധിതരാക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ തുടക്കം മുതലേ ഇതെങ്ങനെ പ്രാവര്‍ത്തികമാക്കുമെന്ന ചോദ്യങ്ങളുയരുന്നുണ്ട്. 

സമാധാന കരാറിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നതുവരെ സുരക്ഷാ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ ഹമാസിന് പരിമിതമായ പങ്ക് മാത്രമേ ഉണ്ടാകൂ എന്ന് ട്രംപ് പറഞ്ഞിരുന്നു. ഖലീൽ അൽ-ഹയ്യയുടെ നേതൃത്വത്തിലുള്ള ഹമാസ് പ്രതിനിധി സംഘവും യുഎസ് പ്രതിനിധി സംഘവും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എട്ട് പേരുടെ വധശിക്ഷ നടപ്പാക്കുന്ന ദൃശ്യങ്ങള്‍ ഹമാസ് പുറത്തുവിട്ടതിനുപിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. നിയമവിരുദ്ധരും ഒറ്റുകാരാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹമാസ് വധശിക്ഷ നടപ്പിലാക്കിയത്. വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവച്ചതിനു ശേഷം ഗാസയിലെ പലസ്തീൻ ക്രിമിനൽ സംഘങ്ങളെയും ഗോത്രങ്ങളെയും ഹമാസ് ലക്ഷ്യമിടുന്നുണ്ടെന്ന് ഏജൻസി ഫ്രാൻസ്-പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഗാസയുടെ പുനർനിർമ്മാണം അപകടകരവും ദുഷ്‌കരവുമാകുമെന്ന് ട്രംപ് പറഞ്ഞു. അത് സാധ്യമാക്കാൻ യുഎസ് കരസേനയുമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Exit mobile version