Site icon Janayugom Online

കൈക്കൂലിക്കേസില്‍ വില്ലേജ് അസിസ്റ്റന്റിനെതിരെ അച്ചടക്ക നടപടി തുടങ്ങി

കൈക്കൂലിക്കേസില്‍ കുടുങ്ങിയ വില്ലേജ് ഓഫിസ് ജീവനക്കാരനെതിരെ അച്ചടക്ക നടപടി തുടങ്ങി. കൈക്കൂലി വാങ്ങി അറസ്റ്റിലായ പാലക്കാട് പാലക്കയം വില്ലേജ് ഓഫിസിലെ ഫീൽഡ് അസിസ്റ്റന്റായ സുരേഷ് കുമാറിന് കുറ്റാരോപണ പത്രിക നല്‍കി. പാലക്കയം വില്ലേജ് ഓഫിസര്‍ക്കെതിരെയും നടപടി ആരംഭിച്ചിട്ടുണ്ട്. കൈക്കൂലി വാങ്ങിയ സുരേഷ് കുമാറിനെതിരെ നടപടി സ്വീകരിക്കുകയോ, റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്യാതിരുന്നതിനാണ് വില്ലേജ് ഓഫിസര്‍ക്കെതിരെയുള്ള നടപടി. 

റവന്യു മന്ത്രി കെ രാജന്‍ നിര്‍ദേശിച്ചതനുസരിച്ച്, റവന്യു ജോയിന്റ് സെക്രട്ടറി ജെ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പാലക്കയം വില്ലേജിലും സുരേഷ് കുമാര്‍ നേരത്തെ ജോലി ചെയ്തിരുന്ന മറ്റ് വില്ലേജുകളിലുമെത്തി പരിശോധന നടത്തിയിരുന്നു. ഈ വിഷയത്തിൽ സ്വീകരിക്കേണ്ട അച്ചടക്ക നടപടികളെക്കുറിച്ചും റവന്യു ഓഫിസുകളിൽ അഴിമതി അകറ്റി നിർത്താൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ചും അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ റവന്യു സെക്രട്ടേറിയറ്റും ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും വകുപ്പിൽ അഴിമതിക്കെതിരെ സ്വീകരിക്കേണ്ട നടപടിയുടെ ഭാഗമായി ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. 

റവന്യു മന്ത്രിയുടെ നേതൃത്വത്തില്‍ നേരത്തെ ചേര്‍ന്ന യോഗതീരുമാനമനുസരിച്ച് വിവിധ റവന്യു ഉദ്യോഗസ്ഥർ പല ഓഫിസുകളിലും പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. അപേക്ഷകൾ തീർപ്പാക്കുന്നതിൽ കാലതാമസം വരുത്തിയതും, യാതൊരു മുൻഗണനാ മാനദണ്ഡവും പാലിക്കാതെ അപേക്ഷകൾ തീർപ്പാക്കിയതും അന്വേഷണ സംഘങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Eng­lish Summary:Disciplinary action ini­ti­at­ed against vil­lage assis­tant in bribery case

You may also like this video

Exit mobile version