Site iconSite icon Janayugom Online

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; പിഎംഒയില്‍ അധികാര കേന്ദ്രീകരണം

പ്രധാനമന്ത്രി നരേന്ദ്രമോഡി എല്ലാ മന്ത്രാലയങ്ങളുടെയും നിയന്ത്രണം കൈപ്പിടിയിലൊതുക്കിയതായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. മോഡിയുടെ അനുമതിയോടെ മാത്രമെ, മന്ത്രിമാര്‍ക്ക് പത്രസമ്മേളനം നടത്താന്‍ പോലും കഴിയൂ എന്നതാണ് സ്ഥിതിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

2014–16 കാലയളവില്‍ കല്‍ക്കരി വകുപ്പിന്റെയും 2016 മുതല്‍ 2018 വരെ വിദ്യാഭ്യാസ വകുപ്പിന്റെയും സെക്രട്ടറിയായി ചുമതല വഹിച്ച അനില്‍ സ്വരൂപാണ്, മോഡിയുടെ ആരോഹണത്തിനുശേഷം നടക്കുന്ന അധികാര കേന്ദ്രീകരണത്തെക്കുറിച്ച് തുറന്നുകാട്ടിയത്. മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്തും കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ സുപ്രധാന ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് 1981 ബാച്ച് ഐഎഎസ് ഓഫീസറായ അനില്‍ സ്വരൂപ്.

സിവില്‍ സെര്‍വന്റ് എന്ന നിലയിലെ ദീര്‍ഘകാലത്തെ അനുഭവങ്ങളും അഭിപ്രായങ്ങളും ഉള്‍പ്പെടുത്തിയ പുസ്തക പരമ്പരയിലെ മൂന്നാമത്തെ പുസ്തകത്തിലാണ് രാജ്യവ്യാപകമായി ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന വെളിപ്പെടുത്തല്‍. അധികാര കേന്ദ്രബിന്ദുവെന്നാണ് പ്രധാനമന്ത്രിയെ സ്വരൂപ് വിശേഷിപ്പിക്കുന്നത്. താന്‍ രണ്ട് പ്രധാനമന്ത്രിമാരുടെയും കീഴില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണെന്നും ഈ പ്രധാനമന്ത്രിയുടെ കീഴില്‍ എല്ലാം കേന്ദ്രീകരിച്ചിരിക്കുകയാണെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

“ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അങ്ങനെയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എല്ലാറ്റിനും പ്രധാനമന്ത്രിയുമായി സംസാരിച്ച് അനുവാദം വാങ്ങേണ്ട അവസ്ഥയാണ്”, സ്വരൂപ് ചൂണ്ടിക്കാട്ടി. “കേന്ദ്ര മന്ത്രിമാര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സാഹചര്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. വിവിധ വിഷയങ്ങളില്‍ തെറ്റായാലും ശരിയായാലും അതത് മന്ത്രിമാര്‍ തീരുമാനമെടുക്കുന്ന സ്ഥിതിയാണ് നേരത്തെ ഉണ്ടായിരുന്നത്.

ഒരു പത്രസമ്മേളനം നടത്താന്‍ പോലും പ്രധാനമന്ത്രിയുമായി സംസാരിച്ച് മാത്രമെ തീരുമാനമെടുക്കാവൂ എന്ന പൊതു ധാരണയാണ് എല്ലാ മന്ത്രിമാര്‍ക്കുമുള്ളതെന്നും ‘നോ മോര്‍ എ സിവില്‍ സെര്‍വന്റ്’ എന്ന പുസ്തകത്തില്‍ അനില്‍ സ്വരൂപ് വ്യക്തമാക്കുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത്, സിബിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ന്ന വിഷയമുണ്ടായപ്പോള്‍ ഒരു പത്രസമ്മേളനം നടത്താന്‍ ഞങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിക്കേണ്ടിവന്നുവെന്ന് അനില്‍ സ്വരൂപ് ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു.

Eng­lish summary;Disclosure of a for­mer IAS officer

You may also like this video;

Exit mobile version