സിനിമാമേഖലയിൽ വനിതകൾ നേരിട്ട ദുരനുഭവങ്ങൾ അന്വേഷിക്കുന്നതിന് രൂപം നൽകിയ പ്രത്യേക അന്വേഷണ സംഘത്തിന് ഇതുവരെ രേഖാമൂലം ലഭിച്ചത് 16 പരാതികള്‍. സംവിധായകന്‍ രഞ്ജിത്ത്, നടന്‍ സിദ്ധിഖ് എന്നിവർക്കെതിരെ നടിമാരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. ഇതുവരെ ഡിജിപിക്ക് ലഭിച്ച പരാതികൾക്ക് പുറമെ അന്വേഷണ സംഘത്തിലെ നോഡൽ ഓഫിസറായ തിരുവനന്തപുരം റേഞ്ച് ഐജി അജിത ബീഗത്തിന് ഇ മെയിൽ വഴിയോ ഫോണിലൂടെയോ പരാതി നൽകാനും അവസരമുണ്ട്.
ഇതിനകം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തൽ നടത്തിയവരെ അങ്ങോട്ട് ബന്ധപ്പെട്ടാണ് ആദ്യഘട്ട നടപടി പൂർത്തിയാക്കുന്നത്. ഇവരിൽ നിന്നെല്ലാം രേഖാമൂലം പരാതി വാങ്ങാനും അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. പരാതികളും വെളിപ്പെടുത്തലുകളും പരിശോധിക്കാനും കേസെടുക്കണമെങ്കിൽ ലോക്കൽ പൊലീസിന് ശുപാർശ ചെയ്യാനുമാണ് ഏഴ് അംഗ സംഘത്തെ നിയോഗിച്ചത്.
തിരുവനന്തപുരത്ത് യുവനടനെതിരെയുള്ള പരാതിയിൽ നടിയില്‍ നിന്നും അന്വേഷണ സംഘം മൊഴി എടുത്തു. പ്രത്യേക അന്വേഷണ സംഘത്തിലെ ജി പൂങ്കുഴലി, ഐശ്വര്യ ഡോങ്ക്റെ എന്നിവരാണ് പരാതിക്കാരിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചത്.
വ്യക്തിപരമായ നേട്ടത്തിന് അല്ല പരാതി നൽകിയതെന്നും കലാരംഗത്തു നേരിട്ട പ്രശ്നമാണ് പരാതിയായി ഉന്നയിച്ചതെന്നും മൊഴി നല്‍കിയതിനുശേഷം നടി തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വീട്ടുകാരെ ബോധ്യപ്പെടുത്തിയ ശേഷം നടന്റെ പേര് വെളിപ്പെടുത്തുമെന്നും നടി പറഞ്ഞു. വിദേശ നമ്പറിൽ നിന്നടക്കം ഭീഷണി ഫോൺ കോൾ വരുന്നുണ്ടെന്നും നടി പറഞ്ഞു. ജൂനിയർ ആർട്ടിസ്റ്റായി ലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു ദുരനുഭവം ഉണ്ടായതെന്ന് നടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നിൽ നിന്നും യുവതാരം അപ്രതീക്ഷിതമായി കടന്നുപിടിക്കുകയായിരുന്നു. പിന്നീട് ഇയാൾ മാപ്പ് പറഞ്ഞ് തലയൂരിയെന്നും നടി ആരോപിച്ചിരുന്നു.
സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള കേസ് പ്രത്യേക പൊലീസ് സംഘത്തിന് കൈമാറി. നടിയുടെ പരാതിയിൽ കൊച്ചി നോർത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിനായി അന്വേഷണസംഘം കൊൽക്കത്തയിലേക്ക് പോകും. എന്നാൽ, ഓൺലൈനായി മൊഴി രേഖപ്പെടുത്താനുള്ള സാധ്യതയും സംഘം പരിശോധിക്കുന്നുണ്ട്.
അതിനിടെ കൊച്ചിയിൽ ലൈംഗികാതിക്രമ പരാതി നൽകിയ നടിയുടെ മൊഴി രേഖപ്പെടുത്തി. ആലുവയില്‍ യുവതിയുടെ ഫ്ലാറ്റിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. കേരളത്തിലെ പല സ്ഥലത്ത് നിന്നും ലഭിച്ചിട്ടുള്ള പരാതിയുടെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്തുമെന്നും ഡിഐജി അജിത ബീഗം മാധ്യമങ്ങളോട് പ്രതികരിച്ചു.
സിദ്ദിഖിനെതിരായ കേസും പ്രത്യേക സംഘത്തിന് കൈമാറി. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും ജാമ്യമില്ലാവകുപ്പ് പ്രകാരം മ്യൂസിയം പൊലീസായിരുന്നു കേസെടുത്തത്. 2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽവെച്ച് സിദ്ദിഖ് പീഡിപ്പിച്ചതായാണ് യുവനടിയുടെ വെളിപ്പെടുത്തല്‍.
ആരോപണത്തെ തുടർന്ന് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു.