Site iconSite icon Janayugom Online

നികുതി വിഹിത വിതരണത്തിലെ വിവേചനം

taxtax

രക്കു സേവന നികുതി നടപ്പിലാക്കിയതിലൂടെ വരുമാനത്തിന്റെ വലിയ പങ്ക് കേന്ദ്രം കയ്യടക്കുന്നുവെന്നും വിഹിത വിതരണത്തിലെ വിവേചനം സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുന്നുവെന്നുമുള്ള ആക്ഷേപം നിലനിൽക്കുകയാണ്. നികുതി വരുമാനത്തിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ഈ മാസം വിതരണം ചെയ്യുന്ന തുകയുടെ കണക്കുകൾ ഈ വിവേചനം തെളിയിക്കുന്നു. 15-ാം ധനകാര്യ കമ്മിഷൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് നൽകുന്നതിന്റെ തോത് ഉയർത്തണമെന്നും നിശ്ചയിച്ച വിഹിതത്തിൽ മാറ്റം വരുത്തണമെന്നും കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണ് ഇതുണ്ടായിരിക്കുന്നത്. നികുതി വരുമാനത്തിന്റെ 40 ശതമാനം സംസ്ഥാനങ്ങൾക്കും 60 ശതമാനം കേന്ദ്രത്തിനുമെന്നാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. ഇത് 41 ശതമാനം സംസ്ഥാനങ്ങൾക്ക് എന്നാക്കി വർധിപ്പിക്കാമെന്ന നിർദേശമാണ് 16-ാം ധന കമ്മിഷൻ മുന്നോട്ടുവച്ചിരിക്കുന്നത്. കമ്മിഷന്റെ നിർദേശങ്ങൾ സംബന്ധിച്ച് അഭിപ്രായങ്ങൾ തേടിയുള്ള സന്ദർശനങ്ങൾ നടന്നുവരികയാണ്. ആറ് സംസ്ഥാനങ്ങളിലാണ് ഇതിനകം സന്ദർശനം നടന്നിരിക്കുന്നത്. 2026 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന 16-ാം ധന കമ്മിഷന്റെ സംസ്ഥാന സന്ദർശനം അടുത്ത വർഷം ആദ്യത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള 40:60 നികുതി വിഭജന നിരക്ക് 50:50 ആക്കണമെന്നാണ് കേരളമുൾപ്പെടെ ആവശ്യപ്പെടുന്നത്. ഇപ്പോൾ 40:60 എന്ന തോതിലാണ് വിതരണം നിശ്ചയിച്ചതെങ്കിലും പ്രാബല്യത്തിലാകുമ്പോഴുള്ള പോരായ്മകൾ കാരണം കുറവ് വരുന്ന സ്ഥിതിയുമുണ്ടെന്നാണ് സംസ്ഥാന ധനമന്ത്രിമാർ ഉന്നയിക്കുന്ന പരാതി. അതേസമയം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ സംബന്ധിച്ച് ഈ പ്രശ്നം ഉണ്ടാകുന്നുമില്ല. 

കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രാലയം നൽകിയ അറിയിപ്പുപ്രകാരം വിഹിത നിർണയത്തിനുള്ള മാനദണ്ഡം ജനസംഖ്യയും ധന ആവശ്യങ്ങളുമാണ്. അതനുസരിച്ച് മൂന്നര കോടി ജനസംഖ്യയുള്ള കേരളത്തിന് ലഭിക്കുന്നത് ആകെ അനുവദിച്ച 1.78 ലക്ഷം കോടിയിൽ 3,430 കോടി രൂപയാണ്. അതേസമയം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുള്ള വിഹിതം കേരളത്തെക്കാൾ വളരെ കൂടുതലാണെന്ന് കാണാം. ഉത്തർപ്രദേശിനെ ഉദാഹരണമായെടുത്താൽ തന്നെ ഇക്കാര്യം മനസിലാക്കാവുന്നതാണ്. 31,962 കോടി രൂപയാണ് യുപിക്ക് നിശ്ചയിച്ചിരിക്കുന്നത്. ജനസംഖ്യാനുപാതികമാണെങ്കിൽ കേരളത്തെ അപേക്ഷിച്ച് ഏഴ് മടങ്ങോളമാണ് യുപിക്ക് ലഭിക്കേണ്ട വിഹിതം. അതനുസരിച്ച് 24,000ത്തിലധികം കോടി അനുവദിക്കുന്നതിന് പകരം 31,962 കോടി രൂപ നൽകിയിരിക്കുന്നു. ധന ആവശ്യം മാനദണ്ഡമായി പരിഗണിച്ചാലും അനുവദിച്ചതിനെക്കാൾ കൂടുതൽ തുകയ്ക്ക് കേരളത്തിന് അർഹതയുണ്ട്. വരുമാനം വർധിപ്പിക്കുന്നതിലും ജീവിത നിലവാരത്തിലും കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്ന വിവിധ സൂചികകളിലും ഉത്തർപ്രദേശിനെ അ­പേക്ഷിച്ച് മെച്ചപ്പെട്ട് നിൽക്കുന്ന സംസ്ഥാനവുമാണ് കേരളം. ബിജെപിക്ക് ഭരണമുള്ള മധ്യപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളുടെ കാര്യത്തിലും യുപിയോടുള്ള സമീപനമാണ് വിഹിത വിതരണത്തിൽ കേന്ദ്രം സ്വീകരിച്ചത്. ജനസംഖ്യയിൽ കേരളത്തിന്റെ ഒന്നര മടങ്ങ് കൂടുതലുള്ള മധ്യപ്രദേശിന് 13,987 കോടിയാണ് നീക്കിവയ്പ്. ബിഹാറിന് 17,921 കോടിയാണ് അനുവദിച്ചത്. കേരളത്തെ അപേക്ഷിച്ച് മൂന്ന് മടങ്ങ് (13.1 കോടി) ജനസംഖ്യയുള്ള ബിഹാറിനുള്ള വിഹിതത്തിന്റെ തോത് അഞ്ച് മടങ്ങോളം കൂടുതലാണ് എന്ന് കാണാം. മറ്റ് സംസ്ഥാനങ്ങളെയും വിശദമായെടുത്ത് പരിശോധിച്ചാല്‍ ഈ അന്തരം കാണാവുന്നതാണ്. 

മുൻ മാസങ്ങളിലും ഇതേ രീതി തന്നെയാണ് അവലംബിച്ചത്. ജൂൺ മാസം എല്ലാ സംസ്ഥാനങ്ങൾക്കുമായി 2.79 ലക്ഷം കോടി അനുവദിച്ചപ്പോൾ കേരളത്തിന് നീക്കിവച്ചത് 2,690 കോടി രൂപ മാത്രമാണ്. ബിഹാറിന് 14,056, ഉത്തർപ്രദേശിന് 25,070, മധ്യപ്രദേശിന് 10,970 കോടി രൂപ വീതം അനുവദിച്ചു. ഈ കണക്കുകളിൽ നിന്നുതന്നെ വിവേചനം ബോധ്യപ്പെടാവുന്നതാണ്. ജനസംഖ്യാനുപാതമോ ഓരോ സംസ്ഥാനങ്ങളുടെയും സാഹചര്യമോ പരിഗണിക്കുന്നില്ലെന്നും പ്രീണനവും വിവേചനവുമാണ് മാനദണ്ഡമെന്നും അനുമാനിക്കുന്നതിലും തെറ്റില്ല. ചരക്കു സേവന നികുതി പിരിവില്‍ ഓരോ വർഷവും ബജറ്റിൽ പ്രതീക്ഷിക്കുന്നതിന്റെ തോത് ഉയർത്തി വരുമാന വർധന നേടിക്കൊടുക്കുന്ന സംസ്ഥാനമാണ് കേരളം. 2021–22ൽ 24,351 കോടി ലക്ഷ്യം വച്ച് 23,985 കോടി (98.50 ശതമാനം) യാണ് സമാഹരിച്ചതെങ്കിൽ പിന്നീടുള്ള വർഷങ്ങളിൽ ഇത് യഥാക്രമം 30,238 കോടി, 29,195 കോടി (96.55 ശതമാനം), 32,595 കോടി, 30,944 കോടി (94.93 ശതമാനം) എന്നിങ്ങനെയാണ്. സാമൂഹ്യ‑ക്ഷേമ പ്രവർത്തനങ്ങൾ തനതായി ആവിഷ്കരിച്ച് അധിക ചെലവ് വഹിക്കുന്ന സംസ്ഥാനവുമാണ് കേരളം. മറ്റ് സംസ്ഥാനങ്ങൾ കേന്ദ്രം നിശ്ചയിച്ചതിനൊപ്പം ചെറിയ തുക സംസ്ഥാന വിഹിതം ചേർത്താണ് സാമൂഹ്യ ക്ഷേമ പെൻഷനുകൾ നൽകുന്നത്. അതേസമയം 200 മുതൽ 500 രൂപവരെ കേന്ദ്രവിഹിതമുള്ള എല്ലാ പെൻഷനുകളും 1,600 രൂപ എന്ന നിലയിൽ വർധിപ്പിച്ചാണ് ഇവിടെ അനുവദിക്കുന്നത്. അതാകട്ടെ കേന്ദ്ര മാനദണ്ഡപ്രകാരമുള്ളവരുടെ എണ്ണത്തിന്റെ എത്രയോ അധികം പേർക്ക് നൽകുകയും ചെയ്യുന്നു. ഇങ്ങനെ ചെലവിനത്തിൽ വളരെയധികം ബാധ്യത ഏറ്റെടുക്കേണ്ടിവരികയും ധന ആവശ്യം ഏറുകയും ചെയ്യുന്ന സംസ്ഥാനമായിട്ടും കടുത്ത വിവേചനം കേന്ദ്രം തുടരുന്നുവെന്നാണ് ഈ കണക്കുകളെല്ലാം തെളിയിക്കുന്നത്. 

Exit mobile version