Site iconSite icon Janayugom Online

സ്റ്റാര്‍ട്ടപ്പുകളില്‍ പിരിച്ചുവിടല്‍; ജോലി നഷ്ടമായി പതിനായിരങ്ങള്‍

രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ പിരിച്ചുവിടല്‍ തുടരുന്നു. സാമ്പത്തിക പ്രതിസന്ധിയും വിപണിയിലുണ്ടാകുന്ന തിരിച്ചടിയും മൂലം രാജ്യത്തെ പ്രധാന സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങള്‍ ഒരു മാസത്തിനുള്ളില്‍ പതിനായിരത്തിലധികം പേരെ പിരിച്ചുവിട്ടിട്ടുണ്ട്. ഫാന്റസി ഗെയിമിങ് സ്റ്റാര്‍ട്ടപ്പായ എംപിഎല്‍ ഇന്നലെ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു.

കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മന്‍ കി ബാത്ത് പ്രസംഗത്തില്‍ വലിയ നേട്ടമായി സ്റ്റാര്‍ട്ടപ്പുകളുടെ മുന്നേറ്റം ഉയര്‍ത്തിക്കാട്ടിയെങ്കിലും പൊതുവേ സംരംഭങ്ങളുടെ സ്ഥിതി ആശാവഹമല്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. കോവിഡിന് പുറമെ ചൈനീസ് നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്ര തീരുമാനവും സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള പണമൊഴുക്കിന് തടസമായി.

100 ദശലക്ഷം ഡോളര്‍വരെ വരുമാനം നേടുന്ന സ്റ്റാര്‍ട്ടപ്പുകളുടെ ഈ വര്‍ഷം ജനുവരി-ഏപ്രില്‍ മാസങ്ങളിലെ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയതിന്റെ സമാനമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ വന്‍ പ്രചാരമുളള അണ്‍അക്കാദമി, കാര്‍സ്24, വേദാന്തു തുടങ്ങിയവ ഈ വര്‍ഷം 5000ത്തിലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ജനുവരി-മാര്‍ച്ച് കാലയളവില്‍ ഒല 2,100 ജീവനക്കാരെ പിരിച്ചുവിട്ടു. അണ്‍അക്കാദമി പിരിച്ചുവിട്ട ജീവനക്കാരുടെ എണ്ണം 600നു മുകളിലാണ്. കാര്‍സ്24 ‑600, വേദാന്തു-400 എന്നിങ്ങനെയാണ് പിരിച്ചുവിട്ടവരുടെ കണക്ക്.

ജീവനക്കാരെ പിരിച്ചുവിടുന്ന സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയിലേക്ക് ബംഗളുരു ആസ്ഥാനമായുള്ള ഫ്രണ്ട് റോയാണ് പുതുതായി എത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച 30 ശതമാനം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. 145 പേര്‍ക്കാണ് നടപടിയിലൂ‍ടെ ജോലി നഷ്ടപ്പെട്ടത്. ഇ‑കൊമേഴ്സ് സ്ഥാപനമായ മീഷോ 150ഉം ഫര്‍ണിച്ചറുകള്‍ വാടകയ്ക്കു നല്‍കുന്ന ഫര്‍ലെന്‍കോ 200 ജീവനക്കാരെയും പിരിച്ചുവിട്ടു. ട്രെല്‍ 300 ജീവനക്കാരെയും ഒകെ ക്രെഡിറ്റ് 40 പേരെയുമാണ് പിരിച്ചുവിട്ടത്.

ആരംഭഘട്ടത്തില്‍ നില്‍ക്കുന്ന സ്റ്റാര്‍ട്ടപ്പുകളാണ് ഫണ്ടിങ്ങില്‍ ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത്. യൂണികോണ്‍ പദവിയുള്ള സ്റ്റാര്‍ട്ടപ്പുകളും ഞെരുക്കം നേരിടുന്നുണ്ട്. ഡാറ്റ അനാലിസിസ് സ്ഥാപനമായ വെന്‍ച്വര്‍ ഇന്റലിജന്‍സിന്റെ രേഖകള്‍ പ്രകാരം 2022 ജനുവരി-മാര്‍ച്ച് കാലയളവില്‍ 7500 കോടി ഡോളറിന്റെ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ 33 എണ്ണമാണ്. 2021ല്‍ ഇത് 11 ആയിരുന്നു. ഫണ്ടിങ് മന്ദഗതിയിലായതോടെ ലാഭം നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് സ്റ്റാര്‍ട്ടപ്പുകള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Eng­lish summary;Dismissal in star­tups; thou­sands lost their jobs

You may also like this video;

Exit mobile version