Site iconSite icon Janayugom Online

സ്വത്ത് തര്‍ക്കം: സഞ്ജയ് കപൂറിന്റെ 30,000 കോടിയുടെ വില്പത്രം വെളിപ്പെടുത്തണമെന്ന് ഹൈക്കോടതി

സഞ്ജയ് കപൂറിന്റെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. ബോളീവുഡ് താരം കരിഷ്മ കപൂറിന്റെയും വ്യവസായി സഞ്ജയ് കപൂറിന്റെയു 30,000 കോടിയുടെ വില്പത്രം മറച്ചുവെച്ചുവെന്നാരോപിച്ച് മക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.ജൂണ്‍ 12വരെയുള്ള സ്ഥാവര, ജംഗമ വസ്തുക്കളുടെ പട്ടിക സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചത്. കേസ് രണ്ടാഴ്ചക്കുശേഷം വീണ്ടും പരിഗണിക്കും. സഞ്ജയ് കപൂറിന്റെ മൂന്നാം ഭാര്യയും തങ്ങളുടെ രണ്ടാനമ്മയുമായ പ്രിയ കപൂര്‍ സ്വത്തുക്കള്‍ മുഴുവനായും സ്വന്തമാക്കുന്നതിന് അദ്ദേഹത്തിന്റെ വില്‍പത്രം വ്യാജമായി നിര്‍മിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.

പിതാവിന്റെ മരണസമയത്ത് അദ്ദേഹത്തിന്റെ സ്വത്തുക്കളെക്കുറിച്ച് മുഴുവന്‍ വിവരങ്ങള്‍ ഇല്ലായിരുന്നുവെന്ന് കരിഷ്മയുടെ മക്കള്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. പ്രിയ കപൂര്‍ വിശദാംശങ്ങള്‍ മറച്ചുവെക്കുകയും സ്വത്തുക്കളുടെ മുഴുവന്‍ വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കുകയും ചെയ്തുവെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2025 ജൂണ്‍ 12‑ന് യുകെയിലെ വിന്‍ഡ്‌സറില്‍ പോളോ കളിക്കുന്നതിനിടെയാണ് സഞ്ജയ് കപൂര്‍ മരിച്ചത്. അതുവരെ അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് മക്കള്‍ വാദിക്കുന്നു. മരിച്ചതിന് പിന്നാലെ പ്രിയ കപൂര്‍ വില്‍പ്പത്രം ഇല്ലെന്ന് പറയുകയും എല്ലാ സ്വത്തുക്കളും ആര്‍.കെ. ഫാമിലി ട്രസ്റ്റിന്റെ കീഴിലാണെന്ന് വാദിക്കുകയും ചെയ്തതായി ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. പിന്നീട് 2025 മാര്‍ച്ച് 21‑ന് രേഖ ഹാജരാക്കി അതാണ് വില്‍പ്പത്രമെന്ന് അവകാശപ്പെട്ടു. വ്യാജരേഖ ചമയ്ക്കല്‍, കൃത്രിമമായി നിര്‍മിക്കല്‍ എന്നിവ സംബന്ധിച്ച സംശയങ്ങള്‍ ഉണ്ടാകാന്‍ ഇതാണ് കാരണമെന്നും അവര്‍ പറയുന്നു.

Exit mobile version