തമിഴ് നടൻ വിജയ്‍യുടെ ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ നൽകിയിരുന്ന ഹർജി നിർമ്മാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ് പിൻവലിച്ചു. ചിത്രം സെൻസർ ബോർഡിന്റെ റിവൈസിംഗ് കമ്മിറ്റിയുടെ പുനഃപരിശോധനയ്ക്ക് വിടാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചതിന് പിന്നാലെയാണ് ഹർജി പിൻവലിക്കാൻ കോടതി അനുമതി നൽകിയത്.
ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ജനുവരി 9ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചു. തുടർന്ന് നിർമ്മാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയെ തന്നെ സമീപിക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. ഡിവിഷൻ ബെഞ്ച് നേരത്തെയുള്ള വിധി റദ്ദാക്കി പുതിയ വാദം കേൾക്കാൻ നിർദ്ദേശിച്ച സാഹചര്യത്തിലാണ് റിവൈസിംഗ് കമ്മിറ്റിക്ക് മുന്നിൽ പോകാൻ നിർമ്മാതാക്കൾ തീരുമാനിച്ചത്.

