Site iconSite icon Janayugom Online

മഹായുതിയില്‍ ഭിന്നത; ശിവസേന മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചു

മഹാരാഷ്ട്രയിലെ മഹായുതി സര്‍ക്കാരില്‍ കടുത്ത ഭിന്നത. ശിവസേന ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിലെ നാല് കോര്‍പറേറ്റുകളെ മന്ത്രിമാരാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ശിവസേനാ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചു.
ബിജെപിയില്‍ ചേര്‍ന്ന നാല് മുന്‍ ശിവസേനാ കോര്‍പറേറ്റുകളെ മന്ത്രിമാരാക്കാനാണ് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് മന്ത്രിമാര്‍ യോഗം ബഹിഷ്കരിച്ചത്. മന്ത്രിസഭാ യോഗത്തില്‍ ഉപമുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ ഏക്നാഥ് ഷിന്‍ഡെ പങ്കെടുത്തുവെങ്കിലും മറ്റ് മന്ത്രിമാര്‍ വിട്ടുനിന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ സന്ദര്‍ശിച്ച മന്ത്രിമാര്‍ തങ്ങളുടെ അതൃപ്തി പരസ്യമാക്കുകയും ചെയ്തു.
സഖ്യത്തില്‍ പാലിക്കേണ്ട നിയമങ്ങള്‍ ലംഘിക്കപ്പെടുകയാണെന്ന് മന്ത്രി പ്രതാപ് സര്‍നായക് പ്രതികരിച്ചു. മുന്‍ കോര്‍പറേറ്റുകളെ ബിജെപി അംഗത്വം നല്‍കി മന്ത്രിമാരാക്കിയത് മുന്നണി മര്യാദയല്ല. പാര്‍ട്ടി നിലപാട് മുഖ്യമന്ത്രിയെ ധരിപ്പിച്ചുവെന്നും തിരുത്തുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്നും പ്രതാപ് സര്‍നായക് പറഞ്ഞു.
പരസ്പരം പ്രവര്‍ത്തകരെ എടുക്കില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് ബിജെപി നേതാവും മന്ത്രിയുമായ ചന്ദ്രശേഖര്‍ ബാവന്‍കുലെ പറഞ്ഞു. ബിജെപി മന്ത്രിമാര്‍ തദ്ദേശ തെരഞ്ഞെടുപ്പ് തിരക്കിലാണ്. ബിജെപിയുടെ എട്ട് മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തിട്ടില്ല. ഒരു മന്ത്രിയും മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചതായി അറിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്യാണ്‍— ഡോംബ് വിലി മേഖലയില്‍ നിന്ന് ശിവസേന നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുന്നത് അടുത്തിടെ വര്‍ധിച്ചത് അസ്വാരസ്യത്തിന് വിത്തുപാകിയിട്ടുണ്ട്. പാര്‍ട്ടി മാറിയെത്തുന്നവരെ മന്ത്രിമാരാക്കാനുള്ള ബിജെപി അടവുനയം ശിവസേനയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ മറ്റൊരു സഖ്യകക്ഷിയായ എന്‍സിപി അജിത്ത് പവാര്‍ പക്ഷം ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല.
ശിവസേന (യുബിടി) എംഎല്‍എ ആദിത്യ താക്കറെ ബിജെപിയെയും ശിവസനേയെയും രൂക്ഷമായി വിമര്‍ശിച്ചു. ശിവസേനയുടെ പതനമാണ് ബിജെപി ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായാണ് മുന്‍ സേനാ കോര്‍പറേറ്റുകളെ മന്ത്രിമാരാക്കിയത്. അതേസമയം ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച ശിവസേന മന്ത്രിമാരുടെ നടപടി ആശങ്കാജനകമാണെന്നും ആദിത്യ താക്കറെ പറഞ്ഞു.

Exit mobile version