കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായി. മഴയും, ശക്തമായ കാറ്റും ജനജീവിതം ദുസ്സഹമാക്കി. കിഴക്കൻ മേഖലയിലെ ഉരുൾപ്പൊട്ടലിലൂടെ ഒഴുകിയെത്തുന്ന കലങ്ങിമറിഞ്ഞ വെള്ളം കുട്ടനാടൻ മേഖലകളിലെ ആറുകൾ കരകവിഞ്ഞ് വീടുകൾക്കുള്ളിൽ വരെയെത്തി. ഇതൊടെ വീയപുരം, ചെറുതന, പള്ളിപ്പാട് മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമായി. വീയപുരത്തെ3,4,5,1,2,13 വാർഡുകളും, ചെറുതന ഗ്രാമ പഞ്ചായത്തിലെ 2,3 വാർഡുകൾ ഉൾപ്പെടുന്ന പുത്തൻ തുരുത്ത് മുതൽ ചെങ്ങാരപ്പള്ളിച്ചിറ വരെയുള്ള ഭാഗങ്ങളാണ് ഒറ്റപ്പെട്ടതിന് സമാനമായി ദുരിതം അനുഭവിക്കുന്നത്. പാണ്ടി, ആയാപറമ്പ്, പോച്ച എന്നീഭാഗങ്ങളും ഒറ്റപ്പെട്ടനിലയിലായി. വെള്ളക്കെട്ട് രൂക്ഷമായതോടെ റോഡ് ഏത് തോട് ഏത് എന്ന് അറിയാത്ത അവസ്ഥയിലാണ് പ്രദേശം.
അതേസമയം ചെങ്ങന്നൂർ മേഖലയിലും കഴിഞ്ഞ ദിവസങ്ങളിൽ ജലനിരപ്പ് ഉയർന്നിരുന്നു. പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴയുള്ളതിനാൽ പമ്പാ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇതുമൂലമാണ് ചെങ്ങന്നൂർ വീയപുരം അടക്കമുള്ള മേഖലകളിൽ ജലനിരപ്പ് ഉയരുന്നത്. ജില്ലയിലെ പമ്പാനദിയുടെ തീരപ്രദേശങ്ങൾ ആയ ചെങ്ങന്നൂർ നഗരസഭാ, ചെറുതന, മാന്നാർ തിരുവൻവണ്ടൂർ, പാണ്ടനാട്, ചെന്നിത്തല, തൃപ്പെരുന്തുറ, വീയപുരം, പള്ളിപ്പാട്, കുമാരപുരം, കുട്ടനാട് നിവാസികളും പൊതുജനങ്ങളും നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജാഗ്രത പുലർത്തണമെന്നും ബന്ധപ്പെട്ടവർ നിർദ്ദേശം നൽകുന്നുണ്ട്. കഴിഞ്ഞ വെള്ളപൊക്കത്തിന്റെ ബാക്കിപത്രമായ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളകെട്ട് ഒഴുകിമാറി തുടങ്ങവെയാണ് അടുത്ത വെള്ളപൊക്കം വന്നത്.
തുടരെയുള്ള വെള്ളപ്പൊക്കത്തിൽ കൊയ്ത്തിന് പാകമായ പലപാടങ്ങളും വെള്ളത്തിലായി. തമിഴ്‌നാട്ടിൽ നിന്നും കൊയ്ത്തുമെതിയന്ത്രം എത്തിച്ച് കൊയ്ത്തിന് തയ്യാറാകവെ ചെറുതന കൃഷിഭവൻ പരിധിയിൽ തേവേരി തണ്ടപ്ര പാടം മടവീഴ്ച്ചയിൽ തകർന്നു. കൃഷിച്ചെലവ് കൂടാതെ കൊയ്ത്ത് യന്ത്രത്തിനും ഭീമമായ തുകയാണ് കർഷകർക്ക് ചെലവായത്. 217കർഷകരാണ്പാടത്തുള്ളത്. വീയപുരത്തെ 17പാടങ്ങളും കൃഷി ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. പക്ഷെ തുടരെ യുള്ള വെള്ളപ്പൊക്കങ്ങൾ കാരണം മടവീഴ്ച്ചയെ അതിജീവീക്കാൻ കർഷകർ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. കരകൃഷി പലതും നശിച്ചു. താറാവ് കർഷകരും ക്ഷീരകർഷകരും നന്നേവലഞ്ഞു. പലവീടുകളും വാസയോഗ്യമല്ലാതായി. കന്നുകാലിത്തൊഴുത്തുകളുടെ കാര്യങ്ങളും വിഭിന്നമല്ല. കിഴക്കൻ മേഖലയിൽ മഴ ശക്തിപ്രാപിച്ചതോടെ അപ്പർ കുട്ടനാടിന്റെ വിവിധ മേഖലകളിൽ ജലനിരപ്പ് ഉയർന്നു. വീയപുരം, ചെറുതന, പള്ളിപ്പാട് മേഖലകളിലാണ് വെള്ളപ്പൊക്ക ഭീഷണി രൂക്ഷമാകുന്നത്. ഇവിടങ്ങളിൽ താഴ്ന്ന സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. പമ്പ, മണിമലയാറുകളിൽ ജലനിരപ്പ് ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. മഴ ഇനിയും ശക്തമായാൽ പലയിടത്തും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. അതിനാൽ ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.