സംസ്ഥാനത്ത് റേഷൻകടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിനുള്ള നടപടികൾ പൂർത്തിയായതായി ഭക്ഷ്യ‑സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ മുതൽ വിതരണം ആരംഭിക്കും. എഎവൈ കാർഡുകാർക്ക് ഒരു ലിറ്ററും മറ്റുകാർഡുകാർക്ക് അര ലിറ്റർ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക. ലിറ്ററിന് 61 രൂപയാണ് വില. വൈദ്യുതി കണക്ഷൻ ഇല്ലാത്ത കാർഡുകൾക്ക് (എന്‍ഇ കാർഡ്) (ഏത് വിഭാഗമായാലും) ആറ് ലിറ്റർ മണ്ണെണ്ണ ലഭിക്കും. മണ്ണെണ്ണ മൊത്തവ്യാപാരികളുടെയും റേഷൻ വ്യാപാരികളുടെയും സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഇതുസംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടതായി മന്ത്രി പറഞ്ഞു.
ജൂൺ 30ന് അവസാനിക്കുന്ന 2025–26 വർഷത്തിന്റെ ആദ്യപാദത്തിലേയ്ക്ക് 5,676 കിലോ ലിറ്റർ മണ്ണെണ്ണയാണ് സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേന്ദ്രസർക്കാർ കുറവ് ചെയ്തുവരികയായിരുന്നു. മണ്ണെണ്ണ വിഹിതത്തിലെ കുറവ് മൂലം മൊത്തവ്യാപാര ഡിപ്പോകൾ പലതും ഒരു വര്‍ഷത്തിലധികമായി പ്രവര്‍ത്തനരഹിതമായി. 2023–24 ൽ ഒരു പാദത്തിലേക്ക് (3 മാസം) 1944 കിലോ ലിറ്റർ മാത്രമാണ് അനുവദിച്ചത്. 2024–25 ൽ 780 കിലോ ലിറ്റർ ആയി ചുരുക്കി. കടത്തുകൂലിയിലെയും റീട്ടെയിൽ കമ്മിഷനിലെയും നിരക്ക് കാലാനുസൃതമായി പുതുക്കാത്തതിനാൽ മൊത്തവ്യാപാരികളും റേഷൻ ഡീലർമാരും മണ്ണെണ്ണ വിട്ടെടുത്ത് വിതരണം ചെയ്യാൻ വിമുഖത കാണിക്കുകയും ചെയ്തിരുന്നു. ഇത് സംസ്ഥാനത്തെ റേഷൻകടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിൽ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നതായും മന്ത്രി ചൂണ്ടിക്കാണിച്ചു.
സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ഈ വർഷത്തെ ആദ്യ പാദത്തിൽ 5,676 കിലോ ലിറ്റർ അനുവദിച്ചിട്ടുള്ളത്. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറുടെ ശുപാർശ പ്രകാരം സംസ്ഥാനത്തെ പിഡിഎസ് സബ്സിഡി, നോൺ‑സബ്സിഡി മണ്ണെണ്ണ വിട്ടെടുത്ത് വിതരണം ചെയ്യുന്ന മൊത്തവ്യാപാരികൾക്കുള്ള കടത്തുകൂലിയും റേഷൻ വ്യാപാരികൾക്കുള്ള റീട്ടെയിൽ കമ്മിഷനും വർധിപ്പിച്ച് സർക്കാർ ഉത്തരവായിരുന്നു. മൊത്തവ്യാപാരികൾക്കുള്ള കടത്തുകൂലി ആദ്യത്തെ 40 കിലോമീറ്റർ വരെ കിലോ ലിറ്ററിന് 500 രൂപയും അതിനുശേഷമുള്ള ഓരോ കിലോമീറ്ററിനും അഞ്ച് രൂപയും ആയിട്ടാണ് വർധിപ്പിച്ചിട്ടുള്ളത്. ഇത് നിലവിൽ 238 രൂപയും 3.75 രൂപയുമായിരുന്നു. മണ്ണെണ്ണ ചില്ലറ വിതരണം നടത്തുന്ന റേഷൻവ്യാപാരികൾക്കുള്ള കമ്മിഷൻ ലിറ്ററിന് 3.70 രൂപയിൽ നിന്നും ആറ് രൂപയാക്കി ഉയർത്തി. രണ്ട് വർധനവുകൾക്കും ജൂൺ ഒന്ന് മുതൽ പ്രാബല്യം ഉണ്ടായിരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

