ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന കുട്ടനാട് താലൂക്കിലെ ചമ്പക്കുളം സെന്റ് മേരീസ് എച്ച് എസ് എസ്, ഫാ. തോമസ് പോരൂർക്കര ഹൈസ്കൂൾ, രാമങ്കരി എൻ എസ് എസ് എച്ച് എസ് എസ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലും അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡിലെ ശ്രീനാരായണ കമ്മ്യൂണിറ്റി ഹാൾ, കോവിൽപറമ്പ് ശ്രീ ശങ്കര നാരായണ ക്ഷേത്രം ഹാൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും വെള്ളിയാഴ്ച ജില്ലാ കളക്ടർ ഹരിത വി കുമാർ സന്ദർശിച്ചു. ക്യാമ്പിലെ അടുക്കള, താമസ സ്ഥലം, ശുചിമുറി സൗകര്യം എന്നിവ കളക്ടർ പ്രത്യേകം പരിശോധിച്ചു.
ക്യാമ്പിൽ താമസിക്കുന്നവർക്ക് ഭക്ഷണം, ശുദ്ധജലം, കുടിവെള്ളം, മരുന്ന് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകി. വൈദ്യസഹായം നൽകുന്നതിനായി ക്യാമ്പുകളിൽ മെഡിക്കൽ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സുദർശനൻ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആശ സി എബ്രഹാം, കുട്ടനാട് തഹസിൽദാർ എസ് അൻവർ എന്നിവരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.

