Site iconSite icon Janayugom Online

സ്വന്തം കാർഷിക ഉൽപ്പന്നങ്ങളുമായി ഓണവിപണിയ്ക്കായി ജില്ലാ കൃഷിത്തോട്ടം

ജില്ലാ കൃഷിത്തോട്ടത്തിൽ സ്വന്തം കാർഷിക ഉൽപ്പന്നങ്ങളുമായി ഓണവിപണി ഒരുങ്ങി. തഴക്കര പഞ്ചായത്തിലെ മാങ്കാംകുഴി കോട്ടമുക്കിലുള്ള നൂറേക്കറിൽ ആണ് ഓണവിപണി. ഇതിനായി പച്ചക്കറിയുടെ വിളവെടുപ്പ് ആരംഭിച്ചു. 11 മുതൽ ഉത്രാടം വരെയാണ് ഇവിടെ ഓണവിപണി പ്രവർത്തിക്കുക. മറ്റ് എല്ലാ ദിവസങ്ങളിലും രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ചുവരെ സാധാരണ പച്ചക്കറി വിപണിസ്റ്റാളും പ്രവർത്തിക്കുന്നുണ്ട്. ഫാമിനോട് ചേർന്നാണ് വിപണിക്കായി പ്രത്യക വിൽപ്പന സ്റ്റാൾ പ്രവർത്തിക്കുന്നത്.

പച്ചക്കറിക്കൊപ്പം കൃഷിക്ക് വെണ്ട തൈകളും വിത്തുകളും ലഭിക്കുന്നുണ്ട് എന്നതാണ് ജില്ലാ കൃഷിത്തോട്ടത്തിന്റെ പ്രത്യേകത. അതിനാൽ നാടൻ പച്ചക്കറികളും തൈകളും വിത്തുകളും വാങ്ങാൻ നിരവധിപ്പേർ ഇവിടെ എത്തുന്നുണ്ട്. പടവലം, പാവൽ, വെള്ളരി, ഏത്തക്കുല, വെണ്ടയ്ക്ക, വഴുതനങ്ങ, മത്തങ്ങ, പയർ, കുമ്പളങ്ങ, ചുരക്ക, പച്ചമുളക് തുടങ്ങിയവയുടെ വിളവെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. വിളവെടുക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ നേരിട്ട് സ്റ്റാൾ വഴി ആവശ്യക്കാർക്ക് വിലകുറച്ച് വിൽപ്പന നടത്തുകയാണ്. ഓണ വിപണിയിലേക്ക് അടുക്കുമ്പോൾ ചേമ്പ്,ചേന,ഇഞ്ചി,കാച്ചിൽ,കപ്പ എന്നിവ കൂടുതലായി വിളവെടുക്കും. ഓണവിപണി ലക്ഷ്യമിട്ടും അല്ലാതയും ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും അധ്വാനത്തിന്റെ ഫലമായാണ് പച്ചക്കറി കൃഷിയിൽ വലിയ നേട്ടം കൈവരിക്കുന്നത്. വിവിധ ഇനം വിത്തുകളും ഇവിടെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. കൂടാതെ വിവിധ ഇനം ചെടികളുടെ തൈകളും, ഫല വൃക്ഷത്തൈകളും ഇവിടെ ലഭ്യമാണ്. ഫാം സൂപ്രണ്ട് ബി സുനിൽകുമാർ, കൃഷി ഓഫീസർ ഹൃദ്യ രജീന്ദ്രൻ,കൃഷി അസിസ്റ്റന്റ്മാരായ രഞ്ജിത്ത്, ശ്യാംകുമാർ, നദിയ എന്നിവരുടെ മേൽനോട്ടത്തിലാണ് പച്ചക്കറി കൃഷി നടത്തുന്നത്.

Exit mobile version