Site iconSite icon Janayugom Online

പാര്‍ട്ടി നിലപാടില്‍ അസ്വസ്ഥനാണ്; ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു. മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് സിജെ ചാവ്ഡയാണ് രാജിവച്ചത്. സ്പീക്കര്‍ ശങ്കര്‍ ചൗധരിക്ക് രാജിക്കത്ത് കൈമാറി. 

വിജാപൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായ ആയിട്ടുള്ളയാളാണ് സിജെ ചാവ്ഡ. സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയതായി അദ്ദേഹം പറഞ്ഞു. ഞാന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. 25 വര്‍ഷമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാമക്ഷേത്ര പ്രതിഷ്ഠയില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളും ആഹ്ലാദിക്കുന്നു. ആ സന്തോഷത്തിന്റെ ഭാഗമാകുന്നതിന് പകരം എന്റെ പാര്‍ട്ടി കാണിച്ച നിലപാടില്‍ ഞാന്‍ അസ്വസ്ഥനാണെന്ന് ചാവ്ഡ പറഞ്ഞു.

‘പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രവര്‍ത്തനങ്ങളെയും നയങ്ങളെയും ഞങ്ങള്‍ പിന്തുണയ്ക്കണം. പക്ഷേ, കോണ്‍ഗ്രസില്‍ ആയിരിക്കുമ്പോള്‍ എനിക്ക് അത് ചെയ്യാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് ഞാന്‍ രാജിവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചാവ്ഡയുടെ രാജിയോടെ, 182 അംഗ ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 15 ആയി. ചാവ്ഡ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. നേരത്തെ ആനന്ദ് ജില്ലയിലെ ഖംഭാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ചിരാഗ് പട്ടേലും രാജിവച്ചത്.
ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ട. അടുത്ത ദിവസം മുതല്‍ ക്ഷേത്രത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.

Eng­lish Summary;Disturbed by par­ty posi­tion; Gujarat Con­gress MLA resigns
You may also like this video

Exit mobile version