Site iconSite icon Janayugom Online

ഫണ്ട് വകമാറ്റൽ: ദേശീയപാത പദ്ധതികൾ ത്രിശങ്കുവിൽ

കേരളത്തിലെ ദേശീയ പാതകൾക്കായി ചെലവഴിക്കേണ്ടിയിരുന്ന പണം കേന്ദ്രത്തിന് പ്രത്യേക താല്പര്യമുള്ള പദ്ധതികൾക്കായി വക മാറ്റിയതോടെ, മുൻ നിശ്ചയ പ്രകാരം സമയബന്ധിതമായി പാതകളുടെ നിർമ്മാണം പൂർത്തിയാകില്ലെന്നുറപ്പായി. ഇതോടെ, ഭാരതമാല പദ്ധതിയിലൂൾപ്പെട്ടിരുന്ന ഇവയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക കനക്കുകയും ചെയ്തു. 2017ൽ ഹൈവേ മന്ത്രാലയം പ്രഖ്യാപിച്ചതും പിന്നീട് ആദ്യ അലൈൻമെന്റ് മാറ്റിയതുമായ മലപ്പുറം — മൈസൂരു സാമ്പത്തിക ഇടനാഴിയാണ് ഭാരതമാല പദ്ധതിയിൽ നിന്ന് ആദ്യം പുറത്തായിരിക്കുന്നത്. മലപ്പുറം — ബംഗളൂരു മേഖലകളിലെ ചരക്കുഗതാഗതം സുഗമമാക്കുന്നതിനു വേണ്ടി അടുത്ത ദശകം കൂടി മുന്നിൽക്കണ്ട് നിർമ്മിക്കാൻ ഉദ്ദേശിച്ചതായിരുന്നു പാത. 

ബന്ദിപ്പൂർ വനത്തിലൂടെ കടന്നുപോകുന്നതും 2010 മുതൽ രാത്രി യാത്രാ വിലക്ക് നിലവിലുണ്ടായിരുന്നതുമായ ദേശീയപാത 766ന് ബദലായി നിർമ്മിക്കാനുദ്ദേശിച്ച മലപ്പുറം-മൈസൂരു സാമ്പത്തിക ഇടവഴി വ്യപാരികളിലും പൊതുജനങ്ങളിലും വലിയ പ്രതീക്ഷയാണുളവാക്കിയത്. മറ്റ് നേട്ടങ്ങൾക്കു പുറമെ, ദൂരത്തിൽ 32 കിലോമീറ്ററിന്റെ ലാഭവുമുണ്ടായിരുന്നു. ആ പദ്ധതിയാണ്, കേന്ദ്രത്തിന്റെ പക്ഷപാതപരമായ നീക്കത്തിന്റെ ഭാഗമായി പുറത്തായത്. നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിലേക്കും കൊച്ചിയിലേക്കും തിരക്കില്ലാതെ എത്തിച്ചേരാൻ കഴിയുന്നതും വിഴിഞ്ഞം തുറമുഖത്തെയും ബന്ധിപ്പിക്കുന്നതുമായ അങ്കമാലി-തിരുവനന്തപുരം ഗ്രീൻ ഫീൽഡ് ഹൈവേയെക്കുറിച്ചും ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. 

ഭൂമി ഏറ്റെടുക്കലിനായി പ്രഖ്യാപിച്ച പുതിയ ദേശീയപാത പദ്ധതികളുടെ വിജ്ഞാപനങ്ങളിൽ കാലാവധി കഴിഞ്ഞവയുടെ പുനർ വിജ്ഞാപനം ഉടനെ വേണ്ടെന്ന് ദേശീയപാത അതോറിട്ടി പ്രഖ്യാപിച്ചതും, കോട്ടയത്ത് തുടങ്ങിയ എൻ എച്ച് പ്രോജക്ട് ഡയറക്ടറുടെ ഓഫിസ് കൊല്ലം — ചെങ്കോട്ട പാതയ്ക്കു വേണ്ടി കൊല്ലത്തേക്ക് മാറ്റിയതും, ഇക്കാര്യത്തിലും പ്രതീക്ഷ വേണ്ടെന്ന് കേന്ദ്രം നൽകുന്ന വ്യക്തമായ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. കൊച്ചി — തൂത്തുക്കുടി തുറമുഖങ്ങളെ ബന്ധിപ്പിക്കുന്നതും ആകാശ സർവേ കഴിഞ്ഞതുമായ കൊച്ചി — തേനി ഗ്രീൻ ഫീൽഡ് ഹൈവേ (എൻഎച്ച് 85)യുടെ കാര്യത്തിലും ദേശീയപാത അതോറിട്ടി ഇരുട്ടിൽ തപ്പുകയാണ്. ഇപ്പോഴും പാതയുടെ അന്തിമ അലൈൻമെന്റ് ആയിട്ടില്ല. നിലവിലെ കൊച്ചി-ധനുഷ് കോടി ദേശീയപാതയ്ക്ക് സമാന്തരമായി വിഭാവന ചെയ്യുന്നതും കൊച്ചി — തേനി യാത്രാ ദൂരത്തിൽ 100 കിലോമീറ്റർ കുറവ് വരുന്നതുമായ പാത ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി വർഷങ്ങൾക്കു മുമ്പ് പ്രഖ്യാപിച്ചതാണ്. 

Eng­lish Sum­ma­ry; Diver­sion of funds: Nation­al high­way projects in Trishangu

You may also like this video

Exit mobile version